ന്യൂഡൽഹി: കേരളത്തിലെ നെൽ കർഷകർക്ക് ലഭിക്കണ്ട മിനിമം താങ്ങുവില നേരിട്ട് ലഭ്യമാക്കണമെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി ലോകസഭയിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന് നൽകിയിട്ടുള്ള നെല്ലിന്റെ താങ്ങ് വില കേരളത്തിലെ കർഷകർക്ക് മാസങ്ങളായിട്ടും ലഭിച്ചിട്ടില്ല. ഇതുകാരണം കർഷകർ കടക്കെണിയിലാണ്. സംഭരിച്ച നെല്ലിനുള്ള പണം ബാങ്ക് വഴി കർഷകർക്ക് വായ്പയായി നൽകുകയാണ് ചെയ്യുന്നത്. വായ്പയായി നൽകിയ പണം സംസ്ഥാന സർക്കാർ കുടിശ്ശിക വരുത്തുമ്പോൾ അത് കർഷകർക്ക് അധിക ബാദ്ധ്യതയായി തീരുകയാണ്. കർഷകർക്ക് അവരുടെ മറ്റ് ആവശ്യങ്ങൾക്കായി ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്നില്ല. കുറഞ്ഞ സിബിൽ സ്‌കോർ ചൂണ്ടിക്കാട്ടി കർഷകർക്ക് വായ്പ നിഷേധിക്കുകയും ചെയ്യുന്നു. സംഭരിച്ച നെല്ലിനുള്ള പണം ലഭിക്കാത്തതിനാൽ പല കർഷകരും നെൽകൃഷി ഉപേക്ഷിച്ചു. ഒരു കാലത്ത് 9 ലക്ഷം ഹെക്ടറിന് മുകളിലുണ്ടായിരുന്ന കേരളത്തിലെ നെൽകൃഷി ഇപ്പോൾ 2 ലക്ഷം ഹെക്ടറിന് താഴെയായി കുറയുകയാണുണ്ടായത്. ശക്തമായ തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇത് ഇനിയും കുറയുവാൻ സാധ്യതയുണ്ട്. ആയതിനാൽ നെല്ലിന്റെ കേന്ദ്ര ഗവൺമെന്റ് നൽകുന്ന മിനിമം താങ്ങുവില നെൽ കർഷകർക്ക് നേരിട്ട് അവരുടെ അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും വി.കെ ശ്രീകണ്ഠൻ ലോക്സഭയിൽ ആവശ്യപ്പെട്ടു.