കൊല്ലങ്കോട്: പരിസ്ഥിതി സൗഹൃദ കൃഷിയുടെ വിജയഗാഥ രചിച്ച എലവഞ്ചേരി തുമ്പിടി, കരിപ്പായി പാടശേഖരസമിതിക്ക് സംസ്ഥാന നെൽകതിർ അവാർഡിന്റെ പൊൻ തിളക്കത്തോടൊപ്പം സംസ്ഥാനത്തെ മികച്ച കർഷകനുള്ള ഹരിതമിത്ര പുരസ്‌ക്കാരവും ലഭിച്ചു. മൂന്ന് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന പത്മശ്രീ കെ.വിശ്വനാഥൻ മെമ്മോറിയൽ മിത്ര നികേതൻ സംസ്ഥാന നെൽകതിർ അവാർഡ് തുമ്പിടി കരിപ്പായി പാടശേഖര സമിതി പ്രസിഡന്റ് ഷാബുമോനും സെക്രട്ടറി ചെന്താമരയും നേടി. എലവഞ്ചേരി കൃഷിഭവനിൽ പച്ചക്കറി ഉൽപ്പാദനത്തിലും വിറ്റുവരവിലും കർഷക കോടിപതിയായ പനങ്ങാട്ടിരി കൊളുമ്പ് പുത്തൻവീട്ടിൽ ആർ.ശിവദാസൻ സംസ്ഥാനത്തെ മികച്ച കർഷകനുള്ള ഹരിത മിത്ര പുരസ്‌ക്കാരത്തിനും അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. കൃഷിഭവന്റെ കീഴിലുള്ള 1200 ഏക്കർ വയലിലാണ് പരിസ്ഥിതി സൗഹൃദ കൃഷിരീതികളുമായി പാട ശേഖര കൂട്ടായ്മ മുന്നോട്ടുപോകുന്നത്. നെല്പാടങ്ങളെ സുസ്ഥിര നെൽക്കൃഷിയിലൂടെ സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യം. തുമ്പിടി കരിപ്പായി പാടശേകര സമിതിയിൽ വിരിപ്പ് കൃഷിയിൽ 92 കർഷകരിൽ നിന്നായി 182609കിലോയും മുണ്ടകൻ കൃഷിയിൽ 244697 കിലോയും നെല്ലാണ് സിവിൽ സപ്ലൈസ് കോർപറേഷന് നൽകിയത്‌. 900 ഏക്കറിൽ നെൽകൃഷിയും 300 ഏക്കറിൽ ഇതര വിളകളും എലവഞ്ചേരി കൃഷിഭവനിൽ തുമ്പിടി കരിപ്പായി പാടശേ സമിതി 52.14 ഹെക്ടറിൽ ചെയ്തിട്ടുള്ളത്. രാസവളങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി ഒന്നാം വിളയിൽ നെൽവിത്തിനോടൊപ്പം ഡാബോൽക്കർ കൃഷിരീതിയിൽ പയർ വർഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവ വിതച്ചു. ഇതുവഴി രാസ നൈട്രജൻ വളങ്ങളുടെ ഉപയോഗം കുറച്ചു. പാട വരമ്പുകളിൽ ചെണ്ടുമല്ലി, തുളസി, പയർ, തുവര, വെണ്ട എന്നിവ വച്ചു പിടിപ്പിച്ചു മിത്ര പ്രാണികളുടെ എണ്ണം വർദ്ധിപ്പിച്ചു. മണ്ണ് പരിശോധന, കുമ്മായം ചേർക്കൽ എന്നിവയിൽ കർഷകർക്ക് വേണ്ട അവബോധം നൽകാനും പൊടിവിതയും ഞാറ്റടിയും മുതൽ പ്രത്യേക കാർഷിക കലണ്ടർ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലും ഈ കർഷക കൂട്ടായ്മ സജീവമായി ഇടപെടുന്നുണ്ട്. കൃഷി വകുപ്പിന്റെ വിള ആരോഗ്യപരിപാലന പദ്ധതി, ലീഡ്സ് ആത്മ ഫാം സ്‌കൂൾ, ജൈവ കൃഷി നല്ല കൃഷി രീതി പദ്ധതി, ഭാരതീയ പ്രകൃതി കൃഷി പദ്ധതി തുടങ്ങിയവയും ഈ പാടശേഖരത്തിലൂടെ നടപ്പിലാക്കുന്നുണ്ട്. പ്രസിഡന്റ് ഷാബുമോൻ, സെക്രട്ടറി ചെന്താമര എന്നിവരുടെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കൃഷിയിടത്തിൽ നടപ്പിലാക്കിയാണ് നെൽകതിർ അവാർഡിന്റെ നൂറു മേനി വിളവ് ലഭിക്കാനിടയായത്. കൈത്താങ്ങായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൂടെയുണ്ട് .