ehealth
കോങ്ങാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഈ ഹെൽത്ത് പദ്ധതിക്ക് തുടക്കമായി

കോങ്ങാട്: സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഈ ഹെൽത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. ആരോഗ്യ സേവനങ്ങൾ വീട്ടിലിരുന്ന് കൊണ്ട് തന്നെ ഓൺലൈനായി തത്സമയ ബുക്കിംഗ് നടത്തുന്നതിനുള്ള സൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമാവുകയാണ്. എല്ലാ രോഗികളുടെയും വിവരങ്ങൾ ഡിജിറ്റലായി കൃത്യമായി രേഖപ്പെടുത്തുവാനുള്ള സൗകര്യം ഇതുവഴി ഒരുങ്ങും. ഇതോടൊപ്പം എല്ലാവർക്കും യു.എച്ച്. ഐ.ഡി പിവിസി കാർഡ് നൽകുകയും ചെയ്യും. കാർഡ് ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ 812 സ്ഥാപനങ്ങളിൽ മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, മറ്റ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മുൻകൂർ രജിസ്‌ട്രേഷൻ നടത്തുന്നതിനും ഇത് സഹായമാകും. ഇ-ഹെൽത്ത് പദ്ധതി യുടെ ഉദ്ഘാടനവും യു.എച്ച് ഐ.ഡി കാർഡിന്റെ വിതരണവും പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ ബ്ലോക്ക് പഞ്ചായത്ത് അംഗം നന്ദിനിക്ക് നൽകി കൊണ്ട് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.അജിത്ത് സാമൂഹ്യ രോഗികേന്ദ്രത്തിന്റെ വെബ്‌സൈറ്റ് ലോഞ്ചിംഗ് നടത്തി. ഡോക്ടർമാരുടെ സേവനം, മരുന്നിന്റെ ലഭ്യത, ആശുപത്രിയിൽ നിന്നുള്ള അറിയിപ്പുകൾ, ആരോഗ്യ ബോധവൽക്കരണ വീഡിയോ, നോട്ടീസ് എന്നിവയ്ക്കുള്ള ക്രമീകരണം വെബ്‌സൈറ്റിൽ സജ്ജമാക്കിയിട്ടുണ്ട് ഇത് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ആർ.മൈനാവതി, ഹെൽത്ത് സൂപ്പർവൈസർ സിസിമോൻ തോമസ്, ആർദ്രം മോഡൽ ഓഫീസർ ഡോ.അനൂപ് റസാഖ്, ജില്ല പ്രോജക്ട് എൻജിനിയർ ആരതി, ഹെൽത്ത് ഇൻസ്‌പെക്ടർ എം.പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ആശുപത്രിയിൽ എത്തുന്ന എല്ലാവരും വരും ദിവസങ്ങളിൽ യു.എച്ച് ഐ.ഡി കാർഡ് എടുക്കുന്നതിന് വേണ്ടി നിർബന്ധമായും ഫോൺ നമ്പർ, അധാർ കാർഡ് എന്നിവ കൊണ്ടുവരേണ്ടതാണ്. പൊതുജനങ്ങൾ തൽസമയ രജിസ്‌ട്രേഷൻ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. വെബ്‌സൈറ്റ് അഡ്രസ് www.kongadhealthdept. കമ്പനി കോങ്ങാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഈ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി യു.എച്ച് ഐ.ഡി കാർഡിന്റെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ ബ്ലോക്ക് പഞ്ചായത്ത് അംഗം നന്ദിനിക്ക് നൽകി കൊണ്ട് നിർവഹിക്കുന്നു.