scaria-pillai
സ്കറിയ പിള്ള

ചിറ്റൂർ: സമ്മിശ്ര കൃഷി രീതിയിലൂടെ വ്യത്യസ്തനായ സ്‌കറിയ പിള്ളയ്ക്ക് സംസ്ഥാന സർക്കാരിന്റെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ്. നാല് പഞ്ചായത്തിലായാണ് സ്‌ക്കറിയ പിള്ളയുടെ കൃഷിയിടം. 6000 കവുങ്ങ്, 1700 തെങ്ങ്, 900 ലേറെ വിവിധയിനങ്ങളിലുള്ള മാവുകൾ, ഇരുപത്തിലേറെ വ്യത്യസ്ത ഇനങ്ങളിലുള്ള പ്ലാവുകൾ, 500 ലേറെ ജാതി മരങ്ങൾ, 200ലേറെ വ്യത്യസ്ത ഇനങ്ങളിൽ ഉള്ള ഫലവൃക്ഷങ്ങൾ, അങ്ങനെ സ്‌കറിയ പിള്ളയുടെ കാർഷിക വൈവിധ്യങ്ങൾ ഏറെയാണ്. മഴനിഴൽ പ്രദേശമായ കൊഴിഞ്ഞാമ്പാറയിൽ തണുത്ത കാലാവസ്ഥയിൽ മാത്രം വളരുന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷി വിജയകരമായി ചെയ്തു വരുന്നു. 38 ഏക്കറിലായാണ് സ്‌കറിയ പിള്ളയുടെ കൃഷി വ്യാപിച്ചു കിടക്കുന്നത്. ചേന, പൈനാപ്പിൾ, കരിമഞ്ഞൾ തുടങ്ങി അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ഇല്ലാത്ത വിളകൾ കുറവാണ്. 70 വയസ്സ് കഴിഞ്ഞെങ്കിലും ഇന്നും ചുറുചുറുക്കോടെ രാവിലെ തന്നെ കൃഷിയിടത്തിലേക്ക് ഇറങ്ങും. കൃഷിക്ക് പുറമേ തനിമ ഫാം ടൂറിസം എന്ന പേരിൽ ടൂറിസം മേഖലയിലും സജീവമാണ് സ്‌കറിയ പിള്ള. ഭാര്യ മിനിയും മക്കളായ റിച്ചാർഡ് സ്‌കറിയ, റൈനോൾഡ് സ്‌കറിയ, ഹാരോൾഡ് സ്‌കറിയ എന്നിവരും ഇവരുടെ ഭാര്യമാരും സജീവമായി പിന്തുണയുമായുണ്ട്. സ്വന്തം കാർഷിക ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിന് സ്വന്തം മാർഗ്ഗങ്ങൾ തന്നെയാണ് സ്‌കറിയാപിള്ള സ്വീകരിച്ചിരിക്കുന്നത്. സ്വന്തം ഫാം ടൂറിസം സ്ഥാപനത്തിലൂടെ തന്നെ ഭൂരിഭാഗം ഉത്പന്നങ്ങളും വിട്ടുപോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും അടക്കുന്നതാണ് അവാർഡ്.