lakkidi
മഹാകവി കുഞ്ചൻ സ്മാരകത്തെ സർക്കാർ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ലക്കിടി കലക്കത്ത് ഭവനത്തിന് മുന്നിൽ കലാകാരന്മാരുടെയും സംസ്കാര സാഹിതിയുടെയും നേതൃത്വത്തിൽ മേളപ്രതിരോധം തീർത്തപ്പോൾ.

പാലക്കാട്: രാജാവിന്റെ അപ്രീതി നേടിയാൽ തലപോകുന്ന രാജഭരണ കാലത്ത് ഭരണകൂടത്തിന്റെ അനീതിക്കും കൊള്ളരുതായ്മക്കുമെതിരെ ഹാസ്യത്മക വിമർശനങ്ങളുടെ കൂരമ്പെയ്ത ഭാഷാ പണ്ഡിതനാണ് കുഞ്ചൻ നമ്പ്യാർ. വിമർശനങ്ങളോട് അസഹിഷ്ണുത പുലർത്തുന്ന സർക്കാർ ഭരണകൂട വിമർശകനായ കുഞ്ചൻ നമ്പ്യാരുടെ ഓർമ്മകളെ പോലും ഇന്ന് ഭയപ്പെടുകയാണെന്ന് സംസ്‌കാര സാഹിതി ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. സാംസ്‌കാരിക വകുപ്പിൽ നടക്കുന്നത് കോടികളുടെ ധൂർത്താണ്. സാംസ്‌കാരിക സമുച്ചയങ്ങൾക്ക് കോടികൾ ചെലവിടുമ്പോഴും കുഞ്ചനെ മാത്രം അവഗണിക്കുന്നത് പ്രതഷേധാർഹമാണ്. കുഞ്ചൻ സ്മാരകം ആസൂത്രിതമായി തകർക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. സ്തുതിപാഠകരായ ഇടത് സംസ്‌കാരിക പ്രവർത്തകരാണിതിന് പിന്നിലെന്ന് സംസ്‌കാര സാഹിതി ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. കുഞ്ചൻ സ്മാരകത്തിന് മുന്നിൽ നടന്ന മേള പ്രതിരോധം സംഗീത സംവിധായകൻ സജിത് ശങ്കർ ഉദ്ഘാടനം ചെയ്തു. അയിലൂർ പ്രഭുകുമാർ, ആയിലൂർ സുരേഷ്, അയിലൂർ അരുൺ, അയിലൂർ അർജ്ജുൺ എന്നിവരാണ് പ്രതഷേധ മേളമൊരുക്കിയത്. സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത അദ്ധ്യക്ഷനായി. ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ.ജയരാജ്, പറളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനയൻ.സി, ലക്കിടി പേരൂർ മണ്ഡലം പ്രസിഡന്റ് കെ.പ്രേമൻ, സംസ്‌കാര സാഹിതി ഭാരവാഹികളായ എൻ.വിനേഷ്, ഗിരീഷ് നൊച്ചുള്ളി, സി.എൻ.ശിവദാസ് കലാധരൻ ഉപ്പുംപാടം, കെ.രാജൻ എന്നിവർ സംസാരിച്ചു.