mbr
ബഡ്സ് ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃത്താലയിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിക്കുന്നു.

പാലക്കാട്: കേരളം സൃഷ്ടിച്ച കരുതലിന്റെ മഹാമാതൃകയാണ് ബഡ്സ് വിദ്യാലയങ്ങളെന്ന് മന്ത്രി എം.ബി.രാജേഷ്. സർക്കാരും കുടുംബശ്രീയും ചേർന്ന് ബഡ്സ് വിദ്യാലയങ്ങൾക്ക് നൽകുന്ന കരുതൽ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന പദ്ധതിയായി മാറി. തൃത്താല ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ നടന്ന സംസ്ഥാന തല ബഡ്സ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ കൂടുതൽ ആത്മവിശ്വാസമുള്ള, ഊർജ്ജസ്വലരായി മാറ്റുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വിപുലമായി ബഡ്സ് കലോത്സവം, കായിക മേള അഗ്രി തെറാപ്പി എന്നിവയും നടത്തി വരുന്നുണ്ട്. സംസ്ഥാനത്ത് 166 ബഡ്സ് സ്‌കൂളുകളും 212 ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററും പ്രവർത്തിക്കുന്നുണ്ട്. ഇതിലെ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ആയമാർക്കും പ്രത്യേകം പരിശീലനവും നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.റജീന അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ.ജയ, ടി.സുഹറ, ഷറഫുദ്ദീൻ കളത്തിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി, തൃത്താല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ശ്രീനിവാസൻ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനുവിനോദ്, ഷാനിബ ,കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് അനുരാധ , ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സി ഡി എസ് ചെയർപേഴ്സൺമാർ ,വിദ്യാർഥികൾ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. തൃത്താല ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർഥികൾ തയ്യാറാക്കിയ ഇതൾ പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.