കൊല്ലങ്കോട്: തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് ട്രെയിൻ രാമേശ്വരത്തേക്കു നീട്ടിയേക്കുമെന്ന് പറഞ്ഞിട്ട് നാലര മാസം പിന്നിട്ടിട്ടും ചുവപ്പ് നാടകുരുക്കിൽപ്പെട്ട് സർവ്വീസ് എങ്ങുമെത്തിയില്ല. 2008 മുമ്പ് വരെ മീറ്റർഗേജിൽ സർവീസ് നടത്തിയിരുന്ന പാലക്കാട്-രാമേശ്വരം ട്രെയിൻ നിറുത്തലാക്കി ബ്രോഡ് ഗേജ് ലൈനും വൈദ്യുതീകരണവും നടത്തി സർവ്വീസ് തുടങ്ങിയിട്ടും പാലക്കാട് നിന്നും രാത്രി സർവീസ് നടത്തിയിരുന്ന ട്രെയിൻ പുനഃസ്ഥാപിക്കാൻ റെയിൽവേ ഡിവിഷൻ ഓഫീസിൽ നിന്നും വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. പാമ്പൻ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ട്രെയിൻ സർവീസ് നിറുത്തിയത്. എന്നാൽ പാലം നിർമ്മാണം പൂർത്തിയായി പ്രധാനമന്ത്രി കഴിഞ്ഞ ഏപ്രിൽ രണ്ടാം വാരത്തോടെ ഉദ്ഘാടനം ചെയ്ത് മറ്റു സ്ഥലങ്ങളിലേക്ക് ഇതുവഴി സർവീസ് തുടങ്ങിയെങ്കിലും മധുരവരെ എത്തുന്ന അമൃത എക്സ്പ്രസ്സിന് രാമേശ്വരം വരെ നീട്ടാനുള്ള നിർദ്ദേശം പരിഗണിക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ്. പാലക്കാട്, ഷൊർണ്ണൂർ ഭാഗങ്ങളിൽ നിരവധി യാത്രക്കാരാണ് കൊല്ലങ്കോട് വഴി സർവീസ് നടത്തിയിരുന്ന രാമേശ്വരം ട്രെയിനിനായി കാത്തിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് ദീർഘിപ്പിച്ചാൽ ഉച്ചക്ക് പന്ത്രണ്ടരയോടെ എത്തിച്ചേരും. തിരിച്ച് വൈകുന്നേരത്തോടെ പുറപ്പെടുന്ന ട്രെയിൽ ചെന്നൈ എക്സ്പ്രസ്സ് എന്ന പേരിലാകും യാത്ര തുടരുക. നിലവിൽ കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ നിറുത്തുന്ന രണ്ടു ട്രെയിനുകളുടെ സർവീസ് കഴിഞ്ഞാൽ അടുത്ത ട്രെയിനിനായി പതിമൂന്ന് മണിക്കൂർ കാത്തിരിക്കേണ്ട സ്ഥിതി തുടരുകയാണ്.