nhai

പാലക്കാട്: വാളയാർ-ഇടപ്പള്ളി ദേശീയപാതയിൽ അടിപ്പാത നിർമ്മാണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിൽ കരാർ ഡിസംബർ വരെ നീട്ടി. കരാർ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെയാണ് നടപടി. ദേശീയപാത 544 ൽ 11 ഇടത്താണ് അടിപ്പാത നിർമ്മിക്കുന്നത്. 2024 മാർച്ചിൽ ആരംഭിച്ച നിർമ്മാണം 16 മാസംകൊണ്ട് തീർക്കണമെന്നാണ് കരാർ. ഈ കരാർ സെപ്തംബറിൽ തീരുമെന്നിരിക്കെ അടിപ്പാത നിർമാണത്തിന്റെ 25 ശതമാനംപോലും പൂർത്തിയായിട്ടില്ലെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിലയിരുത്തൽ. ഇതോടെയാണ് ഡിസംബർവരെ കരാർ നീട്ടി നൽകിയത്.

തമിഴ്നാട് നാമക്കൽ ആസ്ഥാനമായ പി.എസ്.ടി കൺസ്ട്രക്ഷൻ കമ്പനിയാണ് അടിപ്പാത നിർമ്മാണം കരാറെടുത്തിരിക്കുന്നത്. 11 അടിപ്പാതകളും രണ്ട് നടപ്പാതകളും ഉൾപ്പെടെ 500 കോടിയാണ് കരാർ തുക. ദേശീയപാതയിൽ അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഗതാഗതക്കുരുക്കിനെ തുടർന്ന് പാലിയേക്കരയിലെ ടോൾ പിരിവ് ഉൾപ്പെടെ നിറുത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേശീയപാതയിൽ മൂന്ന് റീച്ചുകളിലായി 11 ഇടത്താണ് അടിപ്പാത നിർമ്മാണം നടക്കുന്നത്. വാളയാർ - വടക്കഞ്ചേരി റീച്ചിൽ കണ്ണാടി, കുഴൽമന്ദം, ആലത്തൂർ എന്നിവിടങ്ങളിലും വടക്കഞ്ചേരി - മണ്ണുത്തി റീച്ചിൽ വാണിയംപാറ, കല്ലിടുക്ക്, മുടിക്കോട് എന്നിവിടങ്ങളിലും മണ്ണുത്തി - അങ്കമാലിയിൽ ആമ്പല്ലൂർ, ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, കൊടകര എന്നീ സ്ഥലങ്ങളിലുമാണ് അടിപ്പാത നിർമ്മാണം നടക്കുന്നത്. മഴ ആരംഭിച്ചതോടെ പലയിടത്തും നിർമ്മാണം നിലച്ചമട്ടിലാണ്. നിലവിൽ വിവിധ പ്രദേശങ്ങളിൽ റോഡുകൾ തകർന്ന് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നതിന് പുറമെയാണ് അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായുള്ള കുരുക്ക്. മംഗലംപാലം, വടക്കഞ്ചേരി മേൽപ്പാലം, കുതിരാൻ തുരങ്കത്തിനുസമീപത്തെ പാലം എന്നിവിടങ്ങളിലെല്ലാം നിലവിൽ കുത്തിപ്പൊളിച്ച് പണി നടക്കുന്നുണ്ട്.