ചെർപ്പുളശ്ശേരി: സി.പി.എം ചെർപ്പുളശ്ശേരി ഏരിയയിൽ വീണ്ടും വിഭാഗീയത. വല്ലപ്പുഴ ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്നും ലോക്കൽ സെക്രട്ടറിയും നാല് അംഗങ്ങളും രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി. ലോക്കൽ സെക്രട്ടറി പി.സന്തോഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുധീപ്, സി.കെ.ബാബു, റഫീഖ് പറക്കാടൻ, മോഹനൻ എന്നിവരാണ് ഇറങ്ങിപ്പോയത്. വരും ദിവസങ്ങളിൽ യുവജന വിഭാഗത്തിൽ നിന്നുൾപ്പെടെ രാജി പ്രഖ്യാപനങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ജില്ലാ സെക്രട്ടറിയുടെ സാനിധ്യത്തിൽ യോഗം ചേർന്ന് ചേരികല്ല് ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ വിഭഗീയതയുടെ പേരിൽ സ്ഥാനങ്ങളിൽ നിന്നും നീക്കാൻ തീരുമാനിച്ചിരുന്നു. ഇത് റിപ്പോർട്ട് ചെയ്യാൻ വെള്ളിയാഴ്ച്ച നടത്തിയ യോഗത്തിൽ നിന്നാണ് അംഗങ്ങൾ ഇറങ്ങിപ്പോയത്. ജില്ല സെക്രട്ടറിയേറ്റ് അംഗം പി.മമ്മികുട്ടി എം.എൽ.എ, ചെർപ്പുളശ്ശേരി ഏരിയ സെക്രട്ടറി കെ.നന്ദകുമാർ, ജില്ല കമ്മിറ്റി അംഗം കെ.ബി.സുഭാഷ്, ഏരിയ സെന്റർ അംഗം ഇ.ചന്ദ്രബാബു എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കമ്മിറ്റി യോഗം. സുധീപിനെതിരെയുള്ള നടപടി സംബന്ധിച്ച് രൂക്ഷമായ വിമർശനമാണ് ജില്ല നേതൃത്വത്തിനെതിരെ ഉയർന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ രാജിവെക്കുമെന്നാണറിയുന്നത്. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫിനെ ലോക്കൽ കമ്മിറ്റിയിലെടുക്കുന്നതും ചർച്ചയായിട്ടുണ്ട്. പല പ്രമുഖ നേതാക്കളെയും അവഗണിച്ച് ഈ തീരുമാനം എടുക്കുന്നത് നേതാക്കളുടെ താത്പര്യം സംരക്ഷിക്കാനാണെന്നും ആക്ഷേപമുണ്ട്. സി.പി.എം ജില്ലാ, ഏരിയ കമ്മിറ്റികൾ നീതി പൂർവമല്ല പ്രവർത്തിക്കുന്നതെന്നും ഒരു വിഭാഗത്തെ മാത്രം കേൾക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണെന്നും ഏരിയയിലെ പല പ്രവർത്തകർക്കും അഭിപ്രായമുണ്ട്. ഇത് കാരണമാണ് കമ്മിറ്റികളിൽ അഭിപ്രായം പറഞ്ഞവർക്ക് വരെ അകാരണമായി നടപടി നേരിടേണ്ടിവരുന്നതെന്നും നേതാക്കൾക്കിടയിൽ ചർച്ചയുണ്ട്.