ചിറ്റൂർ: പിതാവ് ഓടിച്ച ബൈക്കിൽ നിന്ന് റോഡിലേക്ക് വീണ രണ്ടാംക്ലാസുകാരി ബസ് കയറി മരിച്ചു. പഴണിയാർപാളയം ഷാജിതമാൻസിൽ ഷഫീർ അലി - ആയിഷ ദമ്പതികളുടെ മകൾ നഫീസത്ത് മിസ്രിയ (7) ആണ് ദാരുണമായി മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതിന് കൊഴിഞ്ഞാമ്പാറ അത്തിക്കോട് കരുവപ്പാറയിൽ സംസ്ഥാന പാതയിലായിരുന്നു അപകടം. തൊട്ടുമുമ്പേ പോയിരുന്ന ഓട്ടോറിക്ഷ വേഗം കുറച്ചപ്പോൾ വാഹനത്തിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടതോടെ ബൈക്ക് മറിയുകയും കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. തൊട്ടുപിന്നാലെ അമിതവേഗത്തിലെത്തിയ സ്വകാര്യബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കുട്ടി അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കുട്ടിയെ നാട്ടുകാർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പിന്നീട് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് 4ന് പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഖബറടക്കം പഴണിയാർ പാളയം ഖബർസ്ഥാനിൽ നടന്നു. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയാണ് നഫീസത്ത് മിസ്രിയ. സഹോദരൻ: സൽമാൻ ഫാരിസ്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.