കടമ്പഴിപ്പുറം: നൂറുകണക്കിനാളുകൾ നിത്യേന ഉപയോഗിക്കുന്ന ഒരു റോഡ് തകർന്ന് തരിപ്പണമായിട്ട് പത്ത് വർഷത്തിലേറെയായിട്ടും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല. കോങ്ങാട് പഞ്ചായത്ത് 16ാം വാർഡിലെ തോട്ടശ്ശേരി-കുണ്ടുവൻപാടം റോഡ് ആണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. കോങ്ങാട്-കടമ്പഴിപ്പുറം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള റോഡ് ഫണ്ട് ഇല്ല എന്ന ഒരൊറ്റ കാരണം നിരത്തി അവഗണിക്കപ്പെട്ട് കിടക്കുമ്പോൾ ദുരിതത്തിലായത് സമീപത്തെ മുപ്പതോളം കുടുംബങ്ങളാണ്. കുഴികൾ നിറഞ്ഞ റോഡിലൂടെ ഇവർ ദുരിതയാത്ര നടത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിനിടെ പഞ്ചായത്ത് ഭരണം മാറി മാറി വന്നെങ്കിലും റോഡ് നന്നാക്കാൻ കാര്യമായ നടപടികളുണ്ടായില്ല. പല വർഷങ്ങളിലായി ഏതാനും മീറ്റർ കോൺക്രീറ്റ് ചെയ്തതു മാത്രമാണ് ഇതുവരെ നടത്തിയ ഏക പണി. റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്യാനോ
ടാറിംഗ് നടത്താനോ ഫണ്ട് ഇല്ലെന്ന ന്യായമാണ് പഞ്ചായത്ത് അധികൃതർ നിരത്തുന്നത്. ഇത് യാഥാർത്ഥ്യമാണെങ്കിലും റോഡ് നന്നാക്കാൻ പിന്നെ എന്താണ് വഴിയെന്നു ചോദിക്കുകയാണ് സമീപവാസിയും കടമ്പഴിപ്പുറം പീപ്പിൾസ് ദന്തൽ ക്ലിനിക്കിലെ ഡോക്ടറുമായ കെ.എസ്.അജിത്. അപകടത്തിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ച് ശരീരം പാതി തളർന്ന താൻ ദിവസേന നാലു തവണ ഈ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയാണ് ജോലിക്കായി യാത്ര ചെയ്യുന്നത്. തന്നെപ്പോലെ ശാരീരിക വെല്ലുവിളി നേരിടുന്ന വേറെയും ആളുകൾ ഈ ഭാഗത്ത് താമസിക്കുന്നുണ്ടെന്ന് അജിത് പറയുന്നു. അവരുൾപ്പെടെ നൂറുകണക്കിനു ജനങ്ങൾ ഈ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വേണം ദിവസേന യാത്ര ചെയ്യാൻ. ഓരോ മഴയിലും റോഡ് കൂടുതൽ തകർന്നു കൊണ്ടിരിക്കുകയാണ്. വാഹനങ്ങൾക്ക് മാത്രമല്ല, കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത അവസ്ഥയാണ്. എന്തെങ്കിലും ആശുപത്രി ആവശ്യം വന്നാൽ ഇവിടെയുള്ളവർ വളരെ ബുദ്ധിമുട്ടിലാകും. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ റോഡിന്റെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടി താൻ പരാതി നൽകിയിട്ടുണ്ട്. അതിൽ തുടർനടപടികൾ ഇതുവരെ ആയിട്ടില്ലെന്നും അജിത് പറയുന്നു. ഇതിൽ എന്ത് നടപടിയായി എന്നറിയാൻ വിവരാവകാശ നിയമ പ്രകാരം അന്വേഷിക്കാനാണ് നീക്കം. വെറും രണ്ടു കിലോമീറ്റർ റോഡ് നന്നാക്കാൻ സാങ്കേതിക തടസങ്ങൾ നിരത്തരുതെന്നും എത്രയും വേഗം റോഡ് നന്നാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.