meenkara
മീങ്കര ഡാമിലേക്കുള്ള തകർന്ന റോഡിൽ അപകടത്തിൽപെട്ട വാഹനം.

മുതലമട: തൃശൂർ-പൊള്ളാച്ചി അന്തർ സംസ്ഥാന പാതയിൽ നിന്ന് മീങ്കര ഡാമിലേക്കുളള രണ്ട് കിലോമീറ്റർ റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങൾ. അമിതഭാരം കയറ്റിയ ലോറികളുടെ സഞ്ചാരമാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മീങ്കര ജംഗ്ഷൻ മുതൽ നാവിളംതോട് വരെയുള്ള ഡാമിന്റെ ഇരുവശത്തേക്കും പോകുന്ന റോഡ് ആണ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്. ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാം റോഡ് തകർന്നിട്ട് വർഷങ്ങളായി.15 വർഷം മുൻപ് അറ്റകുറ്റപ്പണി നടത്തിയ റോഡ് മൂന്ന് വർഷം മുമ്പ്പ് ഡാമിലെ മണലെടുപ്പ് പദ്ധതി ആരംഭിച്ചതോടെയാണ് പൂർണമായി തകർന്നത്. ഇവിടെ നിന്നുള്ള മണ്ണും മണലുമായി അമിതഭാര വാഹനങ്ങളുടെ സഞ്ചാരമാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണം. റോഡിന് ഇരുവശമുള്ള 30 ലധികം വീടുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈനും പൊട്ടി താറുമാറായിരിക്കുകയാണ്. ഇതുവഴി പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യകാഴ്ച്ചയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്ന് വന്ന ദമ്പതികൾ ഈ റോഡിൽ അപകടത്തിൽപ്പെട്ട് പരിക്കേറ്റു. പാലക്കാട്,​ ചിറ്റൂർ ആശുപത്രികളിലേക്ക് പോകുന്ന വാഹനങ്ങളും ആംബുലൻസുകളും ഈ റോഡിനെയാണ് എളുപ്പ മാർഗത്തിനായി ആശ്രയിക്കുന്നത്. ആറ് സ്‌കൂൾ ബസ് ഉൾപ്പെടെ നൂറുകണക്കിന് വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും ദിവസേന യാത്ര ചെയ്യുന്ന റോഡ് ആണിത്. തകർന്ന റോഡ് ഉടൻ നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡ് തകർച്ച പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലം കണ്ടില്ല. അമിതഭാരം കയറ്റിയ മണൽ ലോറികളുടെ സഞ്ചാരമാണ് റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണം. ഈ വാഹനങ്ങളുടെ സഞ്ചാരം കാരണം പൈപ്പ് ലൈനുകൾ പൊട്ടി കുടിവെള്ളം വിതരണവും താറുമാറായിരിക്കുകയാണ്.

എ.ബാബു മീങ്കര, പൊതുപ്രവർത്തകൻ