പാലക്കാട്: വില കൂടിയ വളർത്തു പക്ഷികളെയും മൃഗങ്ങളെയും ഓൺലൈനിൽ വാങ്ങി അന്താരാഷ്ട്ര തലത്തിൽ വിൽപ്പന നടത്തുന്ന ബിസിനസിന്റെ പേരിൽ 26 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലെ അന്വേഷണം ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് മാർഗനിർദ്ദേശം നൽകണം. പെരുവമ്പ് സ്വദേശി ആഷിഖ് നൽകിയ പരാതിയിലാണ് നടപടി. കമ്മിഷന്റെ നിർദ്ദേശാനുസരണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. 42,68,800 രൂപയാണ് പരാതിക്കാരൻ എതിർകക്ഷിക്ക് നൽകിയതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 16,58,800 രൂപ ലാഭവിഹിതമായി ലഭിച്ചു. ബാക്കി 26 ലക്ഷം രൂപ കിട്ടാനുണ്ട്. പരാതിയിലെ ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. തുടർന്നാണ് അന്വേഷണം ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ നടത്തി കാലതാമസം കൂടാതെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചത്.