പാലക്കാട്: ട്രെയിനിലും സ്റ്റേഷനിലും സ്ത്രീ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാൻ പാലക്കാട് റെയിൽവേ ഡിവിഷൻ. സ്ത്രീകൾക്ക്, പ്രത്യേകിച്ച് തനിയെ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി 'മേരി സഹേലി' പദ്ധതിയിൽ ഉൾപ്പെടുത്തി ഡിവിഷനു കീഴിലെ അഞ്ച് പ്രധാന സ്റ്റേഷനുകളിൽ റെയിൽവേ സുരക്ഷ സേനയുടെ(ആർ.പി.എഫ്) പ്രത്യേക ടീമുകളെ വിന്യസിക്കും. പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിനു യാത്രക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുകയും ചെയ്യും. വനിതകളുടെ ദൗത്യത്തിന് 64 വനിതാ ആർ.പി.എഫ് ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. 11 പേർ ദിവസേനയുള്ള പ്രധാന ട്രെയിനുകളിൽ ഉണ്ടാകും. തനിയെ യാത്ര ചെയ്യുന്ന സ്ത്രീകളുമായി ഇവർ ആശയവിനിമയം നടത്തുകയും ചെയ്യും. പാലക്കാട് ഡിവിഷന് കീഴിൽ ഈ വർഷം ഇതുവരെ 37276 വനിതാ യാത്രക്കാർക്ക് ആർ.പി.എഫ് ജീവനക്കാരുടെ ഇടപെടൽ പ്രയോജനം ചെയ്തതായി റെയിൽവേ അറിയിച്ചു.
രാത്രി ട്രെയിനിൽ ആർ.പി.എഫ് ടീം
രാത്രി ട്രെയിനുകളിൽ പുരുഷ, വനിതാ ആർ.പി.എഫ് ജീവനക്കാരുടെ എസ്‌കോർട്ട് സംഘങ്ങൾ ഉണ്ടാകും. ശരീരത്തിൽ ഘടിപ്പിച്ച കാമറകൾ സഹിതമായിരിക്കും ഇവർ ട്രെയിനിൽ പരിശോധന നടത്തുക. സ്റ്റേഷനുകളിൽ ആർ.പി.എഫ്, റെയിൽവേ പൊലീസ്(ജി.ആർ.പി) ടീമുകൾ സംയുക്ത പട്രോളിംഗ് നടത്തും. തിരക്കേറിയ സമയങ്ങളിലെ പ്രശ്നങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. വനിതാ കോച്ചുകളിലെ മിന്നൽ പരിശോധനകളും വർദ്ധിപ്പിച്ചിട്ടുണ്ട്. വനിതാ കംപാർട്ട്‌മെന്റുകളിൽ യാത്ര ചെയ്തതിനും റിസർവേഷൻ കോച്ചുകളിൽ അതിക്രമിച്ചു കയറിയിതിനുമായി ഡിവിഷനു കീഴിൽ ഈ വർഷം ഇതുവരെ 971 പുരുഷൻമാർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. അവശ്യഘട്ടങ്ങളിൽ അതിവേഗം സഹായം എത്തിക്കുന്ന 139 എന്ന റെയിൽ മദദ് ഹെൽപ്‌ലൈനിനെക്കുറിച്ചുള്ള ബോധവത്‌കരണവും വ്യാപകമാക്കി. ഈ വർഷം ഹെൽപ്‌ലൈൻ വഴിയും അല്ലാതെയുമായി 38 പരാതികൾ ലഭിച്ചതായും ഇതിൽ അനുയോജ്യമായ നടപടി സ്വീകരിച്ചതായും റെയിൽവേ അറിയിച്ചു.