nelliyambathy
നെല്ലിയാമ്പതി ചുരം റോഡിൽ റോഡിന് കുറുകെ വീണുകിടക്കുന്ന കൂറ്റൻ മരം.

നെല്ലിയാമ്പതി: നെന്മാറ-നെല്ലിയാമ്പതി ചുരം റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കുണ്ടാർ ചോലയ്ക്ക് സമീപമാണ് മൂന്നയോടെ ഉണ്ടായ മഴയിലും കാറ്റിലും വൻമരം കടപുഴകി വീണത്. ഈ സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. റോഡിന് കുറുകെ മരം കിടന്നതിനാൽ നെല്ലിയാമ്പതിയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ മൂന്നു മണിക്കൂറിലേറെ റോഡിൽ കുടുങ്ങി. മൊബൈൽ റേഞ്ച് ഇല്ലാത്ത സ്ഥലം ആയതിനാൽ ഇരുചക്രവാഹന യാത്രക്കാർ ഏറെ ദൂരം സഞ്ചരിച്ചാണ് പോത്തുണ്ടി വനം ചെക്ക് പോസ്റ്റിൽ എത്തി അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. ഗതാഗത തടസം പുനഃസ്ഥാപിക്കാനുള്ള നടപടികളും ഇതേ തുടർന്ന് വൈകി. കൊല്ലങ്കോട് നിന്ന് അഗ്നി രക്ഷാസേനയും, വനം ജീവനക്കാരും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ഭാഗികമായി മരച്ചില്ലകൾ വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. വലിപ്പം കൂടിയ മരമായതിനാൽ മുറിച്ചുമാറ്റിയ കഷണങ്ങളും മറ്റും നീക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.