time-table
പത്താം ക്ലാസിലെ ഓണപ്പരീക്ഷ ടൈം ടേബിൾ.

വടക്കഞ്ചേരി: പത്താം ക്ലാസിലെ ഓണപ്പരീക്ഷയിൽ സോഷ്യൽ സയൻസ് പരീക്ഷയും ഹിന്ദി പരീക്ഷയും ഒരേ ദിവസം. അദ്ധ്യാപകർ പരാതി നൽകിയിട്ടും പരീക്ഷാ ടൈംടേബിളിൽ മാറ്റമില്ല. 18 മുതൽ 26 വരെയാണ് ഓണപ്പരീക്ഷ. ഇതിൽ 21നും 26നുമാണ് രാവിലെയും ഉച്ചയ്ക്കു ശേഷവുമായി രണ്ട് പരീക്ഷകളുള്ളത്. മറ്റെല്ലാ ദിവസവും ഒരു പരീക്ഷ മാത്രമാണുള്ളത്. 21ന് രാവിലെ സോഷ്യൽ സയൻസ് പരീക്ഷയും ഉച്ചകഴിഞ്ഞ് ഹിന്ദി പരീക്ഷയുമാണ്. 26ന് രാവിലെ കെമിസ്ട്രിയും ഉച്ചയ്ക്കുശേഷം ബയോളജിയുമാണുള്ളത്. കെമിസ്ട്രിയും ബയോളജിയും ആകെ 40 മാർക്ക് വീതമുള്ള പരീക്ഷകളാണ്. എന്നാൽ 80 മാർക്കിലാണ് സോഷ്യൽ സയൻസ് പരീക്ഷയുടെ മൂല്യനിർണയം. 80 മാർക്കുള്ള ഇംഗ്ലിഷ്, ഗണിതം, സോഷ്യൽ സയൻസ് പരീക്ഷകൾക്ക് രണ്ടര മണിക്കൂറും 40 മാർക്കിന്റെ പരീക്ഷകൾക്ക് ഒന്നര മണിക്കൂറുമാണ് പരീക്ഷാസമയം. 40 മാർക്ക് വീതമുള്ള വിഷയങ്ങൾക്കു ശേഷം ഏതെങ്കിലും ദിവസം ഹിന്ദി പരീക്ഷ നിശ്ചയിക്കാമെന്നിരിക്കെ സോഷ്യൽ സയൻസ് പരീക്ഷയുടെ അതേ ദിവസം തന്നെ പരീക്ഷ നിശ്ചയിച്ചത് കുട്ടികളിൽ അധിക സമ്മർദമുണ്ടാക്കുമന്ന് അദ്ധ്യാപകർ പറയുന്നു. 12.45ന് അവസാനിക്കുന്ന സോഷ്യൽ സയൻസ് പരീക്ഷയ്ക്കു ശേഷം 45 മിനിറ്റ് കഴിഞ്ഞാലുടൻ 40 മാർക്കിന്റെ ഹിന്ദി പരീക്ഷയും എഴുതണം. 2 പാർട്ട് വീതമുള്ള സോഷ്യൽ സയൻസിൽ ആകെ 6 അദ്ധ്യായങ്ങൾ പഠിക്കാനുണ്ട്.
.