pattayamela
മണ്ണാർക്കാട് നിയോജകമണ്ഡലം പട്ടയമേളയിൽ കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പ് അർത്തിങ്കൽ ഖദീജ ആദ്യ പട്ടയം ഏറ്റുവാങ്ങുന്നു.

മണ്ണാർക്കാട്: സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസുകളിൽ നിരവധിതവണ കയറിയിറങ്ങിയുള്ള പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കെ.രാജൻ. മണ്ണാർക്കാട് റൂറൽബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ മണ്ണാർക്കാട് നിയോജകമണ്ഡലം പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു വ്യക്തിയുടെ ഭൂമിയും കെട്ടിടമുൾപ്പടെയുള്ള ആസ്തി സംബന്ധമായ വിവരങ്ങളെല്ലാം ഡിജിറ്റൽ കാർഡായി നൽകുന്ന പദ്ധതിയാണിത്. നവംബർ ഒന്ന് മുതൽ നടപ്പിലാക്കാനാണ് സർക്കാരിന്റെ ശ്രമം. ഡിജിറ്റൽ സർവേ പൂർത്തീകരിച്ച വില്ലേജുകളിലാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുക. അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി സംരക്ഷിക്കുന്നതിനായി ഒരു സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ആദിവാസികളുടെ ഭൂമി, ഭൂമാഫിയ കൈയ്യേറുന്നതാണ് അട്ടപ്പാടിയിലെ പ്രധാന പ്രശ്നം. ഇത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. പ്രശ്നം പരിഹരിക്കുന്നതിനായി ലാൻഡ് റവന്യൂ കമ്മീഷണറുടെ മേൽനോട്ടത്തിൽ റവന്യൂ വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൻ.ഷംസുദ്ദീൻ എം.എൽ.എ അദ്ധ്യക്ഷനായി. മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിലായി അഞ്ച് വനാവകാശ രേഖയുൾപ്പെടെ 459 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതിൽ അട്ടപ്പാടി താലൂക്കിലെ പട്ടികഗോത്ര-വർഗ്ഗ വിഭാഗങ്ങൾക്കുള്ള 50 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളുമുണ്ട്. എൽ.ടി പട്ടയങ്ങൾ 287, ദേവസ്വം പട്ടയം 59, മിച്ചഭൂമി പട്ടയം 58 എന്നിങ്ങനെയാണ് നൽകിയത്. കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പ് അർത്തിങ്കൽ ഖദീജ ആദ്യ പട്ടയം ഏറ്റുവാങ്ങി. ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി, ഒറ്റപ്പാലം സബ് കളക്ടർ അൻജിത് സിംഗ്, മണ്ണാർക്കാട്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.പ്രീത, മരുതിമുരുകൻ, നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ, എൻ.കെ.നാരായണൻകുട്ടി, എ.കെ.അബ്ദുൾ അസീസ്, അസീസ് ഭീമനാട്, സദഖത്തുള്ള പടലത്ത്, റഷീദ് ആലായൻ, കെ.വി.അമീർ തുടങ്ങിയവർ സംസാരിച്ചു.