വടക്കഞ്ചേരി: പന്നിയങ്കര ടോൾ വിഷയത്തിൽ ഇന്നലെ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ പഴയ തീരുമാനങ്ങൾ പുതിയ കുപ്പിയിൽ എന്ന് ആരോപണം. ടോൾ കമ്പനി പല തവണ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് ഇപ്പോഴും ചെയ്യുന്നത്. ടോൾപിരിവ് തുടങ്ങിയിട്ട് മൂന്ന് വർഷവും രണ്ടു മാസവും കഴിയുമ്പോഴും ടോൾ പിരിവ് തുടങ്ങുന്ന സമയത്ത് ചെയ്യാൻ ശേഷിച്ചിരുന്ന നാൽപതിലധികം ജോലികൾ ഇപ്പോഴും ബാക്കിയാണ്. സുരക്ഷാ സംബന്ധമായ ജോലികളും ഇതിലുൾപ്പെടും. അടുത്തയാഴ്ച ടോൾ വിഷയത്തിൽ ഹൈക്കോടതിയിൽ വാദം തുടങ്ങുമ്പോൾ അനുകൂലമായ കോടതി പരാമർശമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊതുജനം.
പി.പി.സുമോദ് എം.എൽ.എ ജില്ല കളക്ടർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ.
ചുവട്ടുപാടം ഭാഗത്ത് പൂർത്തീകരിക്കാനുള്ള സർവീസ് റോഡ് ടെണ്ടർ ആയിട്ടുണ്ട്. മഴ മാറിയാൽ പ്രവൃത്തി ആരംഭിക്കും. എം.എൽ.എ ഓഫീസ്, എൻ.എച്ച്.എഐ, ടോൾ കമ്പനി പ്രതിനിധികൾ സംയുക്തമായി സ്ഥലം പരിശോധിച്ച് സർവീസ് റോഡിന്റെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ടോൾ കരാർ കമ്പനി പ്രതിനിധികൾ അറിയിച്ചു.
വഴക്കുംപാറ പാലം ഭാഗത്ത് ലൈറ്റ് ഇല്ലാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പരിഹരിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കും.
വടക്കഞ്ചേരി തങ്കം ജംഗ്ഷൻ മേൽപ്പാലം, മംഗലം പാലം എന്നിവ കുത്തി പൊളിക്കുന്നത് നവംബറിൽ റോഡിന്റെ ഫുൾ ടാറിംഗ് ആരംഭിക്കുന്നതിന്റെ മെയിന്റനൻസ് ജോലികളുടെ ഭാഗമായിട്ടാണെന്ന് കരാർ കമ്പനി അറിയിച്ചു.
മംഗലം ഇടതുകര കനാലിലേക്ക് തങ്കം ജംഗ്ഷനിലെ സർവീസ് റോഡ് നിന്നും ഡ്രൈനേജിലെ വെള്ളം കനാലിലേക്ക് ഒഴുക്കിവിടുന്നത് നിറുത്താൻ ആവശ്യമായ ബദൽ പരിഹാരമാർഗം കാണും.
ടോൾ പ്ലാസയിൽ 7.5 കിലോമീറ്റർ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശവാസികൾക്ക് സൗജന്യ യാത്രയ്ക്ക് വാഹന രേഖകൾ സമർപ്പിക്കാൻ ഈ മാസം 31 വരെ അവസരം നൽകും.
ഈ ദൂരപരിധിയിലുള്ള പ്രദേശവാസികൾക്ക് പുതിയ വാഹനം വാങ്ങുമ്പോഴും സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോഴും സൗജന്യയാത്ര അനുവദിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. അപേക്ഷ നൽകിയാൽ സ്വീകരിക്കാമെന്നും വാർഷിക ടോൾ പാസ് എടുക്കുന്നവർക്ക് സൗജന്യ യാത്ര ആനുകൂല്യം ലഭ്യമാകില്ലെന്നും കരാർ കമ്പനി അറിയിച്ചു.
മേൽപ്പാല നിർമാണങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണും.
കത്തിൽ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ടോൾ പിരിവ് നിറുത്തി വയ്ക്കാൻ കർശനമായ നടപടികൾ കൈക്കൊള്ളണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.