nhai
മുതലമട മൂച്ചൻകുണ്ട് മൊണ്ടിപതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ പോൾട്രി വേസ്റ്റ് റെൻഡറിംഗ് പ്ലാന്റ് സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷേയ്ക്ക്, വൈസ് പ്രസിഡന്റ് സി. വിനേഷ്, ആരോഗ്യ വകുപ്പ് തുടങ്ങിയവർ കമ്പനി അധികൃതരുമായി സംസാരിയ്ക്കുന്നു.

മുതലമട: പരിസ്ഥിതി ലോല പ്രദേശമായ മുതലമടയിൽ വനമേഖലയോട് ചേർന്ന് മൂച്ചൻകുണ്ട് മൊണ്ടിപതിയിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദർശിച്ച് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെയ്ക്ക്, വൈസ് പ്രസിഡന്റ് സി.വിനേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ബേബിസുധ, പഞ്ചായത്തംഗങ്ങളായ ആർ.അലൈരാജ്, കെ.സതീഷ്, ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഇ.കെ.ഗണേഷ് ബാബു, ജിബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്ലാന്റ് സന്ദർശിച്ചത്. മുൻ പഞ്ചായത്ത് ഭരണസമതിയുടെ കാലഘട്ടത്തിൽ 2024 നവംബറിലാണ് പ്ലാന്റിന് നിർമ്മാണ പെർമിറ്റ് അനുവദിച്ചതെന്നും പ്ലാന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കല്പനാദേവിയും വൈസ് പ്രസിഡന്റ് എം.താജുദീനും നാട്ടുകാരും കമ്പനി അധികൃതമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തിയതായാണ് കമ്പനി അധികൃതർ പറഞ്ഞതെന്നും സി.വിനേഷ് പറഞ്ഞു. കഴിഞ്ഞ 14നാണ് പ്ലാന്റ് ട്രയൽ റൺ നടത്തിയത്. പ്രധാനമായും ഇറച്ചിക്കോഴി അവശിഷ്ടം ഉപയോഗിച്ചാണ് ഇവിടെ പുതിയ ഉൽപന്നങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്. മീനുകൾക്കുള്ള തീറ്റ, കൃഷിക്കുള്ള വളം, ഓയിലുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് പോൾട്രീ വേസ്റ്റ് റെൻഡറിംഗ് പ്ലാന്റിൽ നിർമ്മിക്കുന്നത്. പ്ലാന്റിന്റെ പ്രവർത്തനം ദുർഗന്ധവും മലിനീകരണവും ഉണ്ടാക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. കാൻസർ ബാധിതരുടെ എണ്ണത്തിൽ ദേശീയ ശരാശരിയെ മറികടന്ന് നിൽക്കുന്ന മുതലമടയിൽ അറവു മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തനം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ജില്ലാ കളക്ടർ ഉൾപ്പെടുന്ന ഡി.എൽ.എഫ്.എം.സി കമ്മിറ്റിയുടെ അനുമതി നേടിയിട്ടുണ്ടെന്നാണ് കമ്പനി അധികൃതർ പറയുന്നത്. പ്ലാന്റിന്റെ പ്രവർത്തനം തടഞ്ഞില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുമെന്ന് സാമൂഹ്യപ്രവർത്തകരും പൊതുപ്രവർത്തകരും മുന്നറിയിപ്പ് നൽകി.

പരിസ്ഥിതി ലോല പ്രദേശമായ മുതലമടയിൽ ഇത്തരമൊരു ഇറച്ചി മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവർത്തിക്കുന്നത് ജനങ്ങളിൽ ക്ഷയം, അസ്മ, കാൻസർ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

ഇ.കെ.ഗണേഷ് ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർ മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രം.


പ്ലാന്റിലേക്ക് കൊണ്ടുവരുന്ന ഇറച്ചി മാലിന്യങ്ങളും പ്ലാന്റിന്റെ പ്രവർത്തനവും ജനങ്ങൾക്ക് ഏറെ ദോഷകരമാണ്. ദുർഗന്ധം മൂലം പൊറുതിമുട്ടിരിക്കുകയാണ്. പ്ലാന്റിന്റെ പ്രവർത്തനത്തിന് ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടെന്ന് സംശയിക്കുന്നു. ശക്തമായ സമരമുറകൾ സ്വീകരിക്കും.

പി.കൽപ്പനദേവി, മുൻപഞ്ചായത്ത് പ്രസിഡന്റ്.