മണ്ണാർക്കാട്: മലയോരമേഖലകളെ പ്രധാനപാതകളുമായി ബന്ധിപ്പിക്കുന്ന മലയോര ഹൈവേയുടെ ജില്ലയിലെ ആദ്യ റീച്ച് കലുങ്കുനിർമാണം തുടങ്ങി. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടപ്രകാരം ഊരാളുങ്കൽ സൊസൈറ്റിയാണ് 18.1 കിലോമീറ്റർ ദൂരമുള്ള ആദ്യറീച്ചിലെ പണി നടത്തുന്നത്. അലനല്ലൂർ മില്ലുംപടിയിലാണ് കലുങ്ക് നിർമാണം തുടങ്ങിയത്.
അഴുക്കുചാൽ നിർമാണം രണ്ടുമാസം മുൻപ് തുടങ്ങിയിരുന്നു. മലപ്പുറം ജില്ലാതിർത്തിയായ കാഞ്ഞിരംപാറ മുതൽ കുമരംപുത്തൂർ ചുങ്കം വരെ 17 കലുങ്കുകളാണ് നിർമിക്കേണ്ടത്. പുതിയ കലുങ്കുകൾ നിർമിക്കുന്നതിനൊപ്പം നിലവിലുള്ള കലുങ്കുകളുടെ നവീകരണവും നടത്തും. അഞ്ചെണ്ണം പുതുതായി നിർമിക്കുമ്പോൾ അഞ്ചെണ്ണം പുനർനിർമാണത്തിലുള്ളതാണ്. ശേഷിക്കുന്ന ഏഴ് കലുങ്കുകൾ വിസ്തൃതമാക്കണം. ഉണ്യാൽ ജംഗ്ഷൻ, പാലക്കാഴി, പാലക്കാഴി എൽ.പി സ്‌കൂളിന് സമീപം, അലനല്ലൂർ അയ്യപ്പൻകാവ്, കുമരംപുത്തൂർ ഭാഗങ്ങളിലാണ് പുതുതായി കലുങ്കുകൾ നിർമ്മിക്കുക. കോട്ടോപ്പാടം ജങ്ഷന് സമീപവും കള്ളുഷാപ്പിന് സമീപവുമുള്ള കലുങ്കുകളുടെ വീതികൂട്ടലും നടന്നുവരികയാണ്. അലനല്ലൂർ, കോട്ടോപ്പാടം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലായാണ് അഴുക്കുചാലുകളുടെ പണി പുരോഗമിക്കുന്നത്. തകർന്ന റോഡിലെ കുഴികളും കരാർ കമ്പനി അടച്ചുവരുന്നുണ്ട്. ഇതിനകം നാലുപ്രാവശ്യം കുഴികൾ മിശ്രിതമിട്ട് നികത്തി. എന്നാൽ, ശക്തമായ മഴയിൽ കുഴികൾ വീണ്ടും പൂർവസ്ഥിതിയിലാവുകയാണ്. അലനല്ലൂർ ഭാഗത്ത് പാതയോരങ്ങളിലെ മരങ്ങളും മുറിച്ചുനീക്കുന്നുണ്ട്. വൈദ്യുത പോസ്റ്റുകൾ മാറ്റുന്നതിനായുള്ള നടപടിക്രമങ്ങളിലാണ് കെ.എസ്.ഇ.ബി.