പാലക്കാട്: സംസ്ഥാന സർക്കാരിന്റെ കർഷക ദ്രോഹനടപടികൾക്കെതിരെ വിവിധ കർഷകസംഘടനകളുടെ നേതൃത്വത്തിൽ കേരള സംയുക്ത കർഷക വേദി രൂപീകരിച്ചു. 'കൃഷി വളരണം കർഷകന് ജീവിക്കണം' എന്ന മുദ്രാവാക്യവുമായി 29ന് സെക്രട്ടറിയേറ്റിന് മുന്നിൽ കർഷക ധർണ നടത്താനും പാലക്കാട് നടന്ന നെൽ കർഷക സമരപ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചതായി രക്ഷാധികാരി കുമ്മനം രാജശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവോണത്തിനകം കർഷകരുടെ പണം കൊടുത്തുതീർക്കണമെന്നാവശ്യപ്പെട്ടാണ് കർഷ ധർണ. കേന്ദ്രം നൽകിയ പണം കേരള സർക്കാരിന്റെ കൈയിലുണ്ടായിട്ടും അത് നൽകാത്താത് കർഷകരോടുള്ള ചൂഷണമാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേന്ദ്രസർക്കാർ നെല്ലിന്റെ താങ്ങുവില 5.1 രൂപ വർധിപ്പിച്ചപ്പോൾ കേരളം വെട്ടികുറയ്ക്കുകയാണ് ഉണ്ടായത്. കേന്ദ്രത്തിന് ആനുപാതികമായി കേരളവും വർധിപ്പിച്ചതാണെങ്കിൽ കർഷകർക്ക് ഒരു കിലോയ്ക്ക് 33 രൂപ ലഭിക്കുമായിരുന്നു. സപ്ലൈകോയുടെ നെല്ലുസംഭരണത്തിൽ ചുമട്ടുകൂലി, ചാക്കിന്റെ വില എന്നിവ വഹിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. നെല്ല് വില നൽകുന്നതിന് പകരം പി.ആർ.എസ് വായ്പയായി നൽകുന്നത് അവസാനിപ്പിക്കണം. നെല്ല് സംഭരിച്ച് 48 മണിക്കൂറിനകം കർഷകർക്ക് പണം ലഭിക്കണം. ഇതിന് ബജറ്റിൽ തുക വകയിരുത്തണമെന്നും പറമ്പിക്കുളംആളിയാർ കരാർ പുതുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മീൻ വളർത്തലിന് പാടശേഖരങ്ങളെ എങ്ങിനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് പഠിക്കുന്നതിന് ഫിഷറീസ് വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഒരു സംഘം 22ന് കേരളത്തിലെത്തും. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ, കർഷകമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജി രാഘവൻ, ദേശീയ കർഷകസമാജം പ്രസിഡന്റ് മുതലാംതോട് മണി, അപ്പർ കുട്ടനാട് നെൽകർഷക കൂട്ടായ്മ ഗോപൻ ചെന്നിത്തല, ജോർജ് മാത്യു എന്നിവരും പങ്കെടുത്തു.