വടക്കഞ്ചേരി: പൊതുമുതൽ എങ്ങനെയൊക്കെ നശിപ്പിക്കാം എന്നതിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഹരിജനക്ഷേമത്തിനായി ആരംഭിച്ച പട്ടികജാതി സഹകരണസംഘം കെട്ടിടങ്ങൾ. പുന്നപ്പാടത്തുള്ള കിഴക്കഞ്ചേരി പട്ടികജാതി സഹകരണ സംഘം കെട്ടിടത്തിന്റെ ആകൃതി മാത്രമെ ഇപ്പോഴുള്ളു. കെട്ടിടത്തിൽനിന്നും ഊരി എടുക്കാവുന്നതെല്ലാം സാമൂഹ്യവിരുദ്ധർ ഊരിക്കൊണ്ടുപോയി. ജനലുകളും വാതിലുകളും ഒന്നുംതന്നെ കെട്ടിടത്തിലില്ല. സാമൂഹ്യവിരുദ്ധർക്കും മദ്യപൻമാർക്കും താവളമാണ് ഇവിടം. ട്രാക്ടറുകൾ ഇരുമ്പായതിനാൽ മണ്ണിനോട് ചേരാനാകാതെ തുരുമ്പിച്ചും ദ്രവിച്ചും ശേഷിപ്പുകളെ ഇനിയുള്ളു. ഇതിന്റെയും ഊരിയെടുക്കാവുന്നവ സാധനങ്ങളെല്ലാം കാണാനില്ല. മൂന്നരപതിറ്റാണ്ട് മുമ്പാണ് ഹരിജനക്ഷേമ സംഘങ്ങൾ പ്രവർത്തനമാരംഭിച്ചത്. താഴെത്തട്ടിലുള്ളവർക്ക് തൊഴിൽ കണ്ടെത്തി വരുമാനം ഉണ്ടാക്കുകയായിരുന്നു സംഘങ്ങളുടെ ലക്ഷ്യം. പാട്ടത്തിന് സ്ഥലമെടുത്ത് വിവിധ കൃഷികൾ, ഇഷ്ടിക നിർമാണം തുടങ്ങിയവയ്ക്കായിരുന്നു മുൻഗണന. ഇതിനായി കൃഷിവകുപ്പിൽ നിന്നും ട്രാക്ടർ ഉൾപ്പെടെയുള്ള യന്ത്രങ്ങളും മറ്റു സാധനസാമഗ്രികളും നൽകുകയുണ്ടായി. ട്രാക്ടറുകൾ പലതും ഇല്ലാതായി.1986 ലാണ് ഈ സംഘത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന സംഘം പിന്നെ പ്രവർത്തനം ഇല്ലാതെ പേരിനു മാത്രമായി. മൂന്നു വർഷമായിരുന്നു സംഘം ഭരണസമിതിയുടെ കാലാവധി. എന്നാൽ കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പു നടക്കാതിരുന്നതിനാൽ സംഘത്തിന്റെ പ്രവർത്തനങ്ങൾ നിലച്ചു. ഹരിജനക്ഷേമത്തിനായി ഓടിനടക്കുന്ന ജനപ്രതിനിധികളോ മാറിമാറി വന്ന സർക്കാരുകളോ കോടികൾ മുടക്കി ജില്ലയിൽ ആരംഭിച്ച ഇത്തരം സംഘങ്ങളുടെ പ്രവർത്തനം പരിശോധിക്കാനും മെനക്കെട്ടില്ല. കുറഞ്ഞ ശമ്പളത്തിൽ സംഘം ഓഫീസുകളിൽ ജോലി ചെയ്തിരുന്ന സെക്രട്ടറിമാരും ഇപ്പോഴില്ല. സ്വന്തമായി ഉണ്ടായിരുന്ന കെട്ടിടവും സ്ഥലവും നാഥനില്ലാത്ത അവസ്ഥയിലുമായി.