പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ കൂടുതൽ യുവതികൾ വെളിപ്പെടുത്തലുമായെത്തിയതിന് പിന്നാലെ പാലക്കാട് എം.എൽ.എ ഓഫീസിലേക്ക് യുവജന സംഘടനകളുടെ പ്രതിഷേധം. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ചിറ്റൂർ റോഡിലുള്ള എം.എൽ.എ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധമാർച്ച് നടത്തി. ജില്ലാസെക്രട്ടറി കെ.സി.റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന - ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതുകൊണ്ട് ഉയർന്ന പരാതികൾക്ക് പരിഹാരമാകില്ലെന്നും ഡി.വൈ.എഫ്.ഐ നേതാവ് കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്നും .രാഹുലിനെ പാലക്കാട് ഒരു പരിപാടിയിലും പങ്കെടുക്കാൻ അനുവദിക്കില്ലെന്നും ജില്ലാ പ്രസിഡന്റ് ആർ.ജയദേവൻ പറഞ്ഞു.
എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും അല്ലാത്തപക്ഷം രാഹുൽമാങ്കൂട്ടത്തെ പാലക്കാട് കാല് കുത്താൻ അനുവദിക്കില്ലെന്നും യുവമോർച്ചയും അഭിപ്രായപ്പെട്ടു. എം.എൽ.എ ഓഫീസിലേക്ക് പൂവൻകോഴിയുമായി മഹിളാ മോർച്ച പ്രതിഷേധ മാർച്ച് നടത്തി. രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് സി.കൃഷ്ണകുമാർ ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നമല്ല. കേവലം യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം മാത്രം രാജിവെച്ചാൽ പോരാ. എം.എൽ.എ സ്ഥാനം രാജിവെപ്പിക്കാനാണ് കോൺഗ്രസ് തയാറാകേണ്ടത്. കേരളത്തിലെ സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരക്കാർ ഉന്നത സ്ഥാനങ്ങളിൽ എത്തിയാൽ കേരളത്തിലെ സ്ത്രീകളുടെ സ്ഥിതി എന്താകുമെന്ന് അദ്ദേഹം ചോദിച്ചു. എം.എൽ.എ സ്ഥാനം രാജിവെക്കുന്നതുവരെ സമരവുമായി ബി.ജെ.പി മുന്നോട്ടുപോകുമെന്ന് കൃഷ്ണകുമാർ പറഞ്ഞു.
പാർട്ടി ആരേയും സംരക്ഷിക്കില്ല
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വ്യക്തത വന്നാൽ നടപടിയെന്ന് ഡി.സി.സി അധ്യക്ഷൻ എ.തങ്കപ്പൻ. പാർട്ടി ആരേയും സംരക്ഷിക്കില്ല. ആരുടെയും പേര് പറയാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതിൽ വ്യക്തത വരണം. ആവശ്യമായ നടപടികൾ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവരും സ്വീകരിക്കുമെന്നും തങ്കപ്പൻ പറഞ്ഞു.
കേരളത്തിന് തന്നെ അപമാനമെന്ന്
രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയുള്ളവർ നാടിന്റെ നേതൃത്വം ആയാൽ എന്തായിരിക്കും അവസ്ഥയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ചോദിച്ചു. ചാനലുകൾ വലുതാക്കിയ നേതാവാണ് ഇയാൾ. റീൽസിലൂടെയാണ് ഇയാൾ വളർന്നത്. ഈ ജനപ്രതിനിധി കേരളത്തിന് തന്നെ അപമാനമാണ്. ഈ നേതാവിന്റെ ആത്മ സുഹൃത്ത് ഉണ്ടല്ലോ ഷർട്ടും മുണ്ടും ഞങ്ങൾ മാറിമാറി ഇടും എന്ന് പറഞ്ഞയാൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് സുരേഷ് ബാബു ചോദിച്ചു.