പുതുശേരി: ചന്ദ്രനഗർ സഹ്യാദ്രി കോളനിയിൽ അടച്ചിട്ട വീട്ടിൽ നിന്നും 10 പവൻ സ്വർണവും വിലപിടിപ്പുള്ള വാച്ചുകളും മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരെ പൊള്ളാച്ചിയിൽ നിന്നും അതിസാഹസികമായി പിടികൂടി. പൊള്ളാച്ചി ആനമല കോട്ടൂർ സ്വദേശി കാർത്തി എന്ന കാട്ടുപൂച്ചി കാർത്തി(25), പൊള്ളാച്ചി ഊത്ത്കുളി സ്വദേശി നാഗരാജ്(21) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊള്ളാച്ചിയിൽ നിന്നും പിടികൂടിയത്.
ജൂലായിൽ കഞ്ചിക്കോട് ചെടയൻ കാലായിൽ വീട് കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയതും ഇവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ വീടുകൾ കുത്തി തുറന്ന് കവർച്ച ചെയ്ത പണവും സ്വർണവും ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്ന പ്രതികൾ തമിഴ്നാട്ടിലും ബൈക്ക് മോഷണം, മാല പൊട്ടിക്കൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളാണ്. സംഭവത്തിൽ ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് കസബ പൊലീസ് അറിയിച്ചു. കസബ ഇൻസ്‌പെക്ടർ എം.സുജിത്ത്, എസ്.ഐമാരായ എച്ച്.ഹർഷാദ്, വിപിൻരാജ്, എ.ജതി, റഹ്മാൻ, വാളയാർ എസ്.സി.പി.ഒ ആർ രഘു, സൗത്ത് എസ്.സി.പി.ഒ ആർ.രജീദ്, എൻ.സായൂജ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.