train
ഊട്ടറ റെയിൽവേ ക്രോസിൽ സിഗ്നൽ തകരാറിലായി ഗുഡ്സ് ട്രെയിൻ കുടുങ്ങിയപ്പോൾ.

കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി റെയിൽ പാളത്തിൽ കൊല്ലങ്കോട് സ്റ്റേഷന് സമീപമുള്ള ഊട്ടറ റെയിൽവേ ക്രോസിൽ സിഗ്നൽ സംവിധാനം തകരാറിലായി ഗുഡ്സ് ട്രെയിൻ കുടുങ്ങി. ഇതോടെ മുക്കാൽമണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. പൊള്ളാച്ചിയിൽ നിന്നും ചരക്കിറക്കി പാലക്കാട്ടേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇന്നലെ രാവിലെ പതിനൊന്നരയോടെ കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ കടന്നതും സിഗ്നൽ സംവിധാനം തകരാറിലാവുകയായിരുന്നു. ഊട്ടറ ലെവൽ ക്രോസ് കടക്കാനാകാതെ ട്രെയിൻ ട്രാക്കിൽ പിടിച്ചിട്ടു. മിനിറ്റിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്ന പോകുന്ന കൊല്ലങ്കോട്-പുതുനഗരം സംസ്ഥാന പാതയിൽ മുക്കാൽ മണിക്കേറോളം ഗതാഗതം സ്തംഭിച്ചു. നിരവധി ബസ് സർവീസ് റെയിൽവേ ക്രോസിൽ കുടുങ്ങിയത് യാത്രക്കാരെയും വിദ്യാർത്ഥികളേയും വലച്ചു. പരീക്ഷയ്ക്കായി പോകുന്ന വിദ്യാർത്ഥികളും കുടുങ്ങി. കാൽനടയാത്രക്കാർക്ക് പോലും ലെവൽ ക്രോസ് മറികടക്കാൻ കഴിയാത്തത് ഏറെ പ്രയാസം സൃഷ്ടിച്ചു. ചെറുവാഹനങ്ങൾ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഊട്ടറയിൽ നിന്നു കാരപ്പറമ്പ് വഴി കൃഷിഭവൻ റോഡിലൂടെ വഴിതിരിച്ചുവിട്ടു. വീതികുറഞ്ഞ റോഡിലേക്ക് നൂറുകണക്കിന് വാഹനങ്ങൾ എത്തിയതോടെ ഇവിടെയും കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടായി. ഇതാദ്യമായല്ല ഊട്ടറ റെയിൽവേ ക്രോസിൽ വാഹനങ്ങൾ കുടുങ്ങുന്നത്.

ഊട്ടറ റെയിൽവേ മേൽപ്പാലത്തിനായി സ്ഥലമെടുപ്പ് പൂർത്തിയയി എങ്കിലും റെയിൽവേയുടെ അനുമതി വൈകുന്നതിനാൽ പദ്ധതി നീണ്ടു പോവുകയാണ്. റെയിൽവേ 2022 ൽ നടത്തിയ സർവ്വേ അനുസരിച്ച് ഊട്ടറ റെയിൽവേ ക്രോസിൽ 24 മണിക്കൂറിൽ ട്രാഫിക് വെഹിക്കിൾ യൂണിറ്റ് 96000 ആയിരുന്നു. ജൂലായ് 28നു റെയിൽവേയുടെ കണക്ക് പ്രകാരം 1.28 ലക്ഷം ആയി ഉയർന്നിട്ടുണ്ട്. ഇത്രയും വാഹനങ്ങൾ കടന്നു പോകുമ്പോഴുള്ള തടസം വൻ ഗതാഗത കുരുക്കിന് കാരണമാകുന്നു. ഊട്ടറ മേൽപ്പാലം എത്രയും വേഗം നടപ്പിലാക്കി പ്രശ്ന പരിഹാരം ഉണ്ടാകണം.

മുരുകൻ ഏറാട്ട്, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, കൊല്ലങ്കോട്.