തൃത്താല: കുടുംബശ്രീയുടെ ഏറ്റവും വലിയ ആഘോഷമായ ദേശീയ സരസ് മേള ഇത്തവണ തൃത്താലയിൽ വിപുലമായി നടത്തുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഡിസംബർ അവസാനം നടക്കുന്ന ദേശീയ സരസ് മേളയുടെ സ്വാഗത സംഘം സെപ്തംബർ 20 ന് ചേരും. തൃത്താല മണ്ഡലത്തിൽ സമുന്നതി ജീവനോപാധി പദ്ധതി ആനക്കര ഗ്രാമപഞ്ചായത്തിലെ ചോലക്കുളമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിധി വാക്യങ്ങളെ തിരുത്തി സ്ത്രീകളുടെ ജീവിതത്തെ വിജയമാക്കി മാറ്റുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറിയെന്നും കുടുംബശ്രീയുടെ മേൽനോട്ടത്തിൽ പട്ടികജാതി മേഖലയിലെ ഉന്നമനം ലക്ഷ്യമാക്കി നടപ്പാക്കുന്ന സമുന്നതി പദ്ധതി കേരളത്തിന് മാതൃകയാകുന്ന രീതിയിൽ നടപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൃത്താല മണ്ഡലത്തിൽ ഓരോ മേഖലകൾ കേന്ദ്രീകരിച്ച് സവിശേഷമായ പദ്ധതികളാണ് നടപ്പാക്കുന്നത്. കുടുംബശ്രീയുടെ എസ്.വി.ഇ.പി (സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം) മുഖേന ആയിരത്തിലധികം സംരംഭങ്ങൾ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ ദേശീയ ഗ്രാമീണ മിഷന്റെ വാർഷിക കർമ്മപദ്ധതി നിർദ്ദേശമനുസരിച്ച് പട്ടികജാതി മേഖലയിൽ പ്രത്യേക ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായാണ് തൃത്താലയിൽ സമുന്നതി പദ്ധതി നടപ്പാക്കുന്നത്. പട്ടികജാതി വിഭാഗക്കാർക്ക് വേണ്ടിയുള്ള വിവിധ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നടപ്പാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ഉപജീവന പ്രവർത്തനം കുടുംബശ്രീ സംഘടനാ ശാക്തീകരണം, സാമ്പത്തിക ശക്തികരണം, സാമൂഹ്യവികസന പ്രവർത്തനങ്ങൾ, കുട്ടികൾ, യുവജനങ്ങൾ എന്നിവരെ കേന്ദ്രീകരിച്ച് പരിപാടികൾ നടപ്പിലാക്കും.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി.റജീന അദ്ധ്യക്ഷയായി. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ വി.വി.ബാലചന്ദ്രൻ, ഷറഫുദ്ദീൻ കളത്തിൽ, ജില്ലാ പട്ടികജാതി വികസന വകുപ്പ് ജില്ലാ ഉപദേശക സമിതി വിജിലൻസ് ആന്റ് മോണിറ്ററിംഗ് സമിതി അംഗം കെ.പി.ശ്രീനിവാസൻ, ജില്ലാ പഞ്ചായത്തംഗം ഷാനിബ, വാർഡ് മെമ്പർ ജ്യോതി ലക്ഷ്മി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.അനുരാധ, ആനക്കര പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ പട്ടികജാതി വിഭാഗങ്ങൾക്കുള്ള വിവിധ ഫണ്ടുകൾ എട്ട് സി.ഡി.എസുകൾക്കായി മന്ത്രി വിതരണം ചെയ്തു. വിവിധ മേഖലയിൽ മികവ് പുലർത്തിയവരെയും ആദരിച്ചു.