തൃത്താല: ലഹരി എന്ന സാമൂഹിക വിപത്തിനെ ഉന്മൂലനം ചെയ്യാൻ സർക്കാരിനൊപ്പം സമൂഹവും പ്രയത്നിക്കണമെന്ന് മന്ത്രി എം.ബി.രാജേഷ്. ലഹരിമുക്ത തൃത്താലയുടെ ഭാഗമായി അഷ്ടാംഗം ആയുർവേദ കോളേജിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൃത്താല സുസ്ഥിരമാകണമെങ്കിൽ ലഹരിയെ പൂർണമായും തുടച്ചുനീക്കി സാമൂഹിക ജീവിതത്തെ കൂടി സുസ്ഥിരമാക്കണം. ഇതിനായി മണ്ഡലത്തിലെ എല്ലാ വാർഡുകളിലേക്കും വീടുകളിലേക്കും ലഹരിക്കെതിരെ സന്ദേശം നൽകും. കുടുംബശ്രീയെയും ഇതിന്റെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു. എൻലൈറ്റ് തൃത്താല, അൻപോടെ തൃത്താല, എക്‌സൈസ് വകുപ്പ് എന്നിവ സംയുക്തമായാണ് ലഹരിക്കെതിരെ രക്ഷതാക്കൾക്ക് പരിശീലനം നൽകുന്ന റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചത്. എൻലൈറ്റ് തൃത്താലയുടെ പ്രഡിക്ട് സ്‌കോളർഷിപ്പിലൂടെ പഠനം പൂർത്തീകരിച്ച് പരിയാരം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ അൻഷില നസ്റിനെ മന്ത്രി ആദരിച്ചു. എക്‌സൈസ് ജീവനക്കാരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ഡോ.ഇ.സുഷമ അദ്ധ്യക്ഷയായി. സൈക്യാട്രിസ്റ്റ് ഡോ.ദയ പാസ്‌കൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ, എക്‌സൈസ് ഇൻസ്‌പെക്ടർ വി.പി.മഹേഷ്, ഒറ്റപ്പാലം താലൂക്ക് ആശുപത്രി സൈക്കാർട്ടിസ്റ്റ് ഡോ.കവിത, അഷ്ടാംഗം സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, എൻലൈറ്റ് കോർഡിനേറ്റർ ഡോ.കെ.രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.