ചിറ്റൂർ: ലിംഗനിർണയം നടത്തിയ ബീജം (സെക്സ് സോർട്ടഡ് സെമൻ) സാങ്കേതികവിദ്യ വഴി പാലക്കാട് ജില്ലയിൽ പിറന്നത് ഏഴ് പശുക്കിടാങ്ങൾ. ഉയർന്ന ജനിതക ശേഷിയുള്ള കാളകളിൽനിന്ന് ശേഖരിച്ച ബീജത്തിൽ ആൺകിടാവിന്റെ ജനനത്തിന് കാരണമാകുന്ന ക്രോമസോം നീക്കംചെയ്ത് പെൺകിടാവിന്റെ ജനനത്തിന് സഹായിക്കുന്ന ബീജം മാത്രമാണ് വളരെ സങ്കീർണവും ചെലവേറിയതുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് വേർതിരിച്ച് ഉപയോഗിക്കുന്നത്. സെൽസോർട്ടിംഗ് മെഷീൻ സെക്കൻഡിൽ 10,000-20,000 ബീജങ്ങൾ തരംതിരിക്കുന്നു. 90 ശതമാനം കൃത്യത അവകാശപ്പെടുന്ന വിദേശനിർമിതമായ ഈ പ്രക്രിയ കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് വഴിയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഉയർന്ന പാലുത്പാദനമുള്ള പശുക്കളിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്.

22 മൃഗാശുപത്രികളും മൂന്ന് വെറ്ററിനറി സബ് സെന്ററുകളിലുമായി 2024 സെപ്തംബറിൽ ആരംഭിച്ച പദ്ധതിയിൽ ഇതിനകം 225 പശുക്കളിലാണ് ലിംഗനിർണയം നടത്തിയ ബീജം കുത്തിവെച്ചിട്ടുള്ളത്. ഇതിൽ പ്രസവിച്ച ഏഴുപശുക്കളും ജന്മംനൽകിയിരിക്കുന്നത് പെൺകിടാങ്ങൾക്കാണ്.

രാഷ്ടീയഗോകുൽ മിഷൻ പദ്ധതിയുടെ ഭാഗമായി ഉറപ്പായ ഗർഭധാരണത്തിനായി നടപ്പാക്കുന്ന ആക്സിലറേറ്റഡ് ബ്രീഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയിലാണ് ഈ നേട്ടം. കഞ്ചിക്കോട്, പലപള്ളം, കൊഴിഞ്ഞാമ്പാറ, എരത്തേമ്പതി, നന്ദിയോട്, മുതലമട, കോങ്ങാട്, മേഴത്തൂർ, കൊല്ലങ്കോട്, ഷോളയൂർ, അഗളി, പുതൂർ, നെല്ലായ, പെരുവെമ്പ്, എലപ്പുള്ളി, കിഴക്കഞ്ചേരി, കല്ലടിക്കോട്, വാളയാർ, കൈലിയാട്, ലക്കിടിപേരൂർ, അമ്പലപ്പാറ, കോഴിപ്പാറ മൃഗാശുപത്രികളിലും വില്ലൂന്നി, മൂച്ചംകുണ്ട്, കണക്കംതുരുത്തി എന്നീ വെറ്ററിനറി സബ് സെന്ററുകളിലുമാണ് നിലവിൽ പദ്ധതി സംവിധാനമുള്ളത്. പാലിന്റെ ഉത്പാദനത്തിൽ ഗണ്യമായ വർധന, രോഗപ്രതിരോധശേഷിയുള്ള പശുക്കൾ, വരുമാനവർധന എന്നിങ്ങനെ ഏറെ നേട്ടങ്ങളുള്ള പദ്ധതി കർഷകർക്കിടയിൽ സ്വീകാര്യത നേടിയതായി ജില്ലാ മൃഗസംരക്ഷണവകുപ്പ് ഓഫീസർ ഡോ. പി.ജി.രാജേഷ് പറഞ്ഞു.

കുത്തിവെപ്പിനായി കർഷകൻ 500 രൂപ അടയ്ക്കണം. ആദ്യ കുത്തിവെപ്പ് പരാജയപ്പെട്ടാൽ രണ്ടാമത് സൗജന്യമായി ചെയ്തുനൽകും. രണ്ട് കുത്തിവെപ്പിന് ശേഷവും ഗർഭധാരണം നടന്നില്ലെങ്കിൽ കർഷകന് പണം തിരികെ നൽകും.