കഞ്ചിക്കോട്: ബോണസില്ല, ഉത്സവ ബത്തയില്ല, ശമ്പള കുടിശികയുമില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കഞ്ചിക്കോട് ഐ.ടി.ഐ യിലെ ജീവനക്കാരുടെ അവസ്ഥയാണിത്. ഓണം പടിവാതിൽക്കൽ എത്തിയിട്ടും കിട്ടാനുള്ള ശമ്പള കുടിശ്ശികയ്ക്ക് വേണ്ടി നെട്ടോട്ടമോടുകയാണ് ഇവിടുത്തെ ജീവനക്കാർ. അറുപതോളം സ്ഥിരം തൊഴിലാളികൾക്കും നൂറോളം കരാർ തൊഴിലാളികൾക്കും കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ചന്ദ്രയാൻ, ആദിത്യ എൽ-1, മംഗൾയാൻ തുടങ്ങിയ ഐ.എസ്.ആർ.ഒ പദ്ധതികൾക്ക് നിർമ്മാണ സഹായം നൽകിയ സ്ഥാപനമാണ് ഐ.ടി.ഐ. രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ സ്വകാര്യവത്കരണത്തിന്റെ നിഴലിലായിട്ട് നാളുകളേറെയായി. ഇതിന്റെ ഭാഗമായി ഐ.ടി.ഐയ്ക്ക് വിവിധ സ്ഥാപനങ്ങളുടെ നിർമ്മാണ ഓർഡറുകൾ ഘട്ടം ഘട്ടം ആയി നിറുത്തുകയായിരുന്നു. നിരവധി തൊഴിലാളികളെ പിരിച്ച് വിടുകയും കുറെസ്ഥിരം തൊഴിലാളികളെ കരാർ തൊഴിലാളികളാക്കുകയും ചെയ്തു. സ്ഥലം മാറ്റം ഉൾപ്പെടെയുള്ള പീഡനത്തിൽ മനം നൊന്ത് കുറെ തൊഴിലാളികൾ രാജി വെക്കുകയും ചെയ്തു. ശമ്പള കുടിശ്ശിക വരുത്തി ബാക്കി തൊഴിലാളികളെ കൂടി പുകച്ച് പുറത്ത് ചാടിക്കാനാണ് ശ്രമിക്കുന്നതെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആരോപണം.