 ഫീസ് തിരികെ നൽകി തടിയൂരി സംഘാടകർ

മണ്ണാർക്കാട്: സി.ബി.എസ്.ഇ സ്‌കൂളുകളിലെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് സ്‌പെൽ ബീ എന്ന പേരിൽ നടത്തിയ മത്സരപരീക്ഷ തട്ടിപ്പാണെന്ന് ആരോപിച്ച് മണ്ണാർക്കാട് രക്ഷിതാക്കളുടെ പ്രതിഷേധം. പൊലീസിൽ പരാതിയും നൽകി. പരീക്ഷാഫീസ് തിരികെ തരണമെന്ന നിലപാടിൽ രക്ഷിതാക്കൾ ഉറച്ചുനിന്നതോടെ പരീക്ഷ നടത്തിയ സംഘാടകൻ ഫീസ് തിരികെ നൽകി. പരീക്ഷ നടത്തിപ്പുകാരനുംപരീക്ഷയ്ക്കും യാതൊരു ആധികാരികതയുമില്ലെന്നും ആരോപിച്ചായിരുന്നു രക്ഷിതാക്കൾ ബഹളംവെച്ചത്. ശനിയാഴ്ച
മണ്ണാർക്കാട് സെന്റ് ഡൊമിനിക് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഓഡിറ്റോറിയത്തിലായിരുന്നു സ്‌പെൽബീ സംസ്ഥാനതല മത്സരപരീക്ഷ നടന്നത്. നാലു കാറ്റഗറികളായി തിരിച്ചായിരുന്നു പരീക്ഷ. വാക്കുകൾ തിരിച്ചറിയുക, സ്‌പെല്ലിംഗ് കൃത്യമായി എഴുതുക, അതിന്റെ അർത്ഥം പറയുക തുടങ്ങിയവയാണ് മത്സരത്തിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്നുള്ള 300ലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. റാങ്ക് അടിസ്ഥാനത്തിൽ വിജയികൾക്ക് ദേശീയ മത്സരത്തിൽ പങ്കെടുക്കാം.
അതേസമയം, ഉച്ചയോടെ കഴിഞ്ഞ ഒരു കാറ്റഗറിയിലെ പരീക്ഷയിലെ ഫലം പ്രഖ്യാപിപ്പോൾ ഒരു വിദ്യാർത്ഥിക്കുതന്നെ നാല് സമ്മാനം ലഭിച്ചത് മറ്റുരക്ഷിതാക്കൾ ചോദ്യം ചെയ്തു. രണ്ട് പരീക്ഷയിൽ മാത്രമേ ഈ കുട്ടിക്ക് മികച്ച മാർക്കുള്ളതെന്നും രണ്ടെണ്ണത്തിൽ മാർക്ക് കുറഞ്ഞതിന് എങ്ങനെ റാങ്ക് നൽകുമെന്നും രക്ഷിതാക്കൾ പറയുന്നു. ഇതു സാങ്കേതികമായി വന്ന പ്രശ്നമായിരുന്നുവെന്നാണ് സംഘാടകന്റെയും പരീക്ഷാ ഡ്യൂട്ടിക്കെത്തിയവരുടെയും നിലപാട്. ഇതോടെ രക്ഷിതാക്കൾ പരീക്ഷാ നടത്തിപ്പുകാരനായ കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജോസ് സെബാസ്റ്റ്യൻ എന്നയാൾക്കെതിരെ പ്രതിഷേധവുമായെത്തി. രജിസ്‌ട്രേഷൻ ഫീസായ 1000 രൂപ തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഫീസ് രക്ഷിതാക്കൾക്ക് തിരികെ നൽകി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. ആദ്യം സ്‌കൂൾ, പിന്നീട് ഇന്റർ സ്‌കൂൾതല മത്സരങ്ങൾക്കുശേഷമാണ് സംസ്ഥാനതല മത്സരം നടത്തിയത്. സ്‌കൂളുകളുമായി ബന്ധപ്പെട്ടാണ് മത്സരപരീക്ഷയുടെ വിവരങ്ങൾ അറിയിക്കുന്നത്. അതേസമയം, സംഘാടകൻ അറിയിച്ചതു പ്രകാരം പരീക്ഷ നടത്തിപ്പിന് വേദി വിട്ടുനൽകുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി വർഷങ്ങളായി സ്‌പെൽ ബി പരീക്ഷ നടത്തിവരുന്നുണ്ടെന്ന് സംഘാടകരും രക്ഷിതാക്കളും പറയുന്നുമുണ്ട്. പരീക്ഷ റദ്ദായതോടെ ദൂരെ ജില്ലകളിൽനിന്നുംവന്ന രക്ഷിതാക്കളും വിദ്യാർത്ഥികളും നിരാശയോടെയാണ് മടങ്ങിയത്. പരാതി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് സി.ഐ എം.ബി.രാജേഷ് അറിയിച്ചു.