ഷൊർണൂർ: ഷൊർണൂർ-നിലമ്പൂർ രാത്രികാല മെമു(06325-26) കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ ജനങ്ങൾക്കുള്ള സേവനങ്ങളും സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിൽ റെയിൽവേ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. വി.കെ.ശ്രീകണ്ഠൻ എം.പി സന്നിഹിതനായിരുന്നു. പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോത്, അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എസ്.ജയകൃഷ്ണൻ, പി.കെ.കൃഷ്ണദാസ്, ഷൊർണൂർ നഗരസഭ ചെയർമാൻ എം.കെ.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. ദിവസവും രാത്രി 8.35ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന മെമു രാത്രി 10.05ന് നിലമ്പൂരിലെത്തും. പുലർച്ചെ 3.40ന് നിലമ്പൂരിൽ നിന്നു പുറപ്പെടുന്ന മടക്ക സർവീസ് 4.55ന് ഷൊർണൂരിലെത്തും. മടക്ക യാത്രയിൽ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമേ സ്റ്റോപ്പ് ഉണ്ടായിരിക്കുകയുള്ളു. രാത്രി പുതിയ ട്രെയിൻ ആരംഭിച്ച പശ്ചാത്തലത്തിൽ നിലവിൽ രാത്രി 8.15ന് സർവീസ് നടത്തിയിരുന്ന ഷൊർണൂർ-നിലമ്പൂർ റോഡ്(56613-14) ട്രെയിനിന്റെ സമയക്രമം ഒരു മണിക്കൂർ നേരത്തെയായിക്കിയിട്ടുമുണ്ട്.