പട്ടാമ്പി: അത്തത്തിനു മുമ്പേ തൃത്താലയിൽ ഓണം തുടങ്ങി. സുസ്ഥിര തൃത്താലയുടെ വിളവെടുപ്പിന് ഇന്നലെ തുടക്കമിട്ടു. പലനിറത്തിലുള്ള ചെണ്ടുമല്ലി, വെണ്ട, തക്കാളി, വഴുതന, പയർ, ചീര, മധുരക്കിഴങ്ങ്, കൂർക്ക, കൂവ തുടങ്ങിയവയെല്ലാം കൃഷി ചെയ്ത നാഗലശ്ശേരി മൂളിപ്പറമ്പിലാണ് വിളവെടുപ്പുത്സവം നടത്തിയത്. അമ്പത് സെന്റിൽ സമൃദ്ധമായി കൃഷി ചെയ്യാൻ നേതൃത്വം കൊടുത്തത് കുടുംബശ്രീ ഉണർവ്വ് ജെ.എൽ.ജി ഗ്രൂപ്പാണ്. നീണ്ടു നിന്ന മഴയില്ലായിരുന്നെങ്കിൽ ഇതിനേക്കാൾ മികച്ച വിളവ് ലഭിക്കുമായിരുന്നുവെന്ന് കുടുംബശ്രീ സുഹൃത്തുക്കളും തൊഴിലുറപ്പ് അമ്മമാരും പറഞ്ഞു. പൂവിനും പച്ചക്കറിക്കുമെല്ലാം ഇപ്പോഴേ ഓർഡർ ലഭിക്കുന്നുണ്ട്. 31 മുതൽ ആരംഭിക്കുന്ന സുസ്ഥിര തൃത്താല കാർഷിക കാർണിവലിൽ ഈ ഉൽപ്പന്നങ്ങൾ വിറ്റഴിക്കും. സുസ്ഥിര തൃത്താലയുടെ ഭാഗമായി കൃഷിവകുപ്പ് കർഷകരിൽ നിന്ന് 20 ശതമാനം അധിക വിലക്ക് വാങ്ങി 30% കുറഞ്ഞ വിലക്ക് പൊതുവിപണിയിൽ വിൽക്കും. 162 ഏക്കറിലാണ് തൃത്താല മണ്ഡലത്തിലാകെ വിവിധ പഞ്ചായത്തുകളിലായി ഓണത്തിന് പച്ചക്കറിയും പൂക്കളും കൃഷി ചെയ്തത്. വിഷുവിനും സമാനമായ കൃഷിയും കാർഷിക കാർണിവലും സംഘടിപ്പിച്ചിരുന്നു. അന്ന് 150 ഏക്കറിലായിരുന്നു കൃഷി. 12 ഏക്കറിൽ കൂടി കൃഷി വ്യാപിപ്പിക്കാൻ ഈ ഓണത്തിന് കഴിഞ്ഞു. തൃത്താലയിൽ കാർഷിക സമൃദ്ധിയായാണ് സുസ്ഥിര തൃത്താല സൃഷ്ടിച്ചിട്ടുള്ളത് എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.