പാലക്കാട്: നെല്ല് സംഭരണ തുക നൽകുന്നതിൽ ഉത്തരവാദിത്തം ഇല്ലെന്ന സപ്ലൈകോയുടെ നിലപാട് പ്രതിഷേധാർഹമാണെന്നും ഇക്കാര്യത്തിൽ ഭക്ഷ്യമന്ത്രി നയം വ്യക്തമാക്കണമെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ ആവശ്യപ്പെട്ടു. നെല്ല് സംഭരണം കേന്ദ്രപദ്ധതിയാണെന്ന് പറഞ്ഞ് കൈയ്യൊഴിയാനാണ് സംസ്ഥാനത്തിന്റെ ശ്രമം. എന്നാൽ, വികേന്ദ്രീകൃത സംഭരണരീതി സ്വീകരിച്ചത് സംസ്ഥാന സർക്കാരാണ്. കേന്ദ്രീകൃത സംഭരണ സംവിധാനം വഴി പൂർണമായോ ഭാഗികമായോ എഫ്.സി.ഐ കേന്ദ്രസർക്കാറിന് വേണ്ടി നെല്ലും, ഗോതമ്പും സംഭരിച്ച് പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്ന നിരവധി സംസ്ഥാനങ്ങളുണ്ട്. വികേന്ദ്രീകൃത സംവിധാനത്തിൽ സംസ്ഥാനം സംഭരിച്ച നെല്ല് അരിയാക്കി റേഷൻ വിഹിതമായി നൽകി, എല്ലാ മാസവും പത്തിനകം കേന്ദ്രത്തിന് കണക്കും സമർപ്പിച്ചാൽ രണ്ടാഴ്ചക്കുള്ളിൽ തുക നൽകും. എന്നാൽ സംസ്ഥാന സർക്കാർ മൂന്നും നാലും മാസങ്ങൾ കൂടുമ്പോഴാണ് കണക്ക് നൽകുന്നത്. സംഭരിക്കുന്നതിനുള്ള കൈകാര്യ ചിലവാണ് ഡി.സി.പി സംവിധാനത്തിൽ കേന്ദ്രസർക്കാർ മുൻകൂറായി നൽകുന്നത്. ഇപ്പോൾ കൈകാര്യ ചെലവിന്റെ 95 ശതമാനം മുൻകൂറായി കേന്ദ്രസർക്കാർ സംഭരണ സീസൺ ആരംഭിക്കുന്നതിനു മുമ്പ് തന്നെ സംസ്ഥാനത്തിനു നൽകുന്നുണ്ട്. ബാക്കി അഞ്ചുശതമാനം സീസൺ കഴിഞ്ഞ് 12 മാസത്തിനുള്ളിൽ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുമ്പോഴാണ് നൽകുക. 2017-18 വർഷത്തെ എഫ്.എസ്.ഐ അംഗീകരിക്കാത്ത റിപ്പോർട്ട് നൽകിയെങ്കിലും, 2018-19 വർഷം മുതലുള്ള ഓഡിറ്റ് റിപ്പോർട്ട് ഇതുവരെ കേന്ദ്രത്തിന് നൽകിയിട്ടില്ല. അതേസമയം, കേന്ദ്രം തുക നൽകിയിട്ടില്ലെന്ന കൃഷിമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണ്. കേന്ദ്രം നൽകാനുണ്ടെന്ന് സംസ്ഥാനം പറയുന്ന തുകയുടെ വിശദാംശങ്ങളും ,കത്തിടപാടിന്റെ കോപ്പിയും നൽകിയാൽ ആവശ്യമായ ഇടപെടൽ നടത്താമെന്ന് ബി.ജെ.പി സംഘം ആലപ്പുഴയിൽ വച്ച് കൃഷിമന്ത്രിയോട് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ യാതൊരു നടപടിയും മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നുണപ്രചരിപ്പിക്കുന്നതിന് പകരം കർഷകർക്ക് സംഭരണവില നൽകുന്നതിനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും കൃഷ്ണകുമാർ പറഞ്ഞു.