ചിറ്റൂർ: നല്ലേപ്പിള്ളി മേഖലയിൽ കതിര് വന്നു തുടങ്ങിയ നെൽപ്പാടങ്ങളിൽ ചാഴി ശല്യം രൂക്ഷമായി. ഈ മേഖലയിലെ മൂപ്പു കുറവായതും ഞാറ്റടി നേരത്തെ തയ്യാറാക്കി നേരത്തെ നടീൽ കഴിഞ്ഞതുമായ പാടങ്ങളിലാണ് ചാഴി ശല്യം കണ്ടു തുടങ്ങിയിട്ടുള്ളത്. കതിരു വരുന്ന തുടക്കത്തിലും നിര കതിർ പരുവത്തിലും മരുന്ന് തളി നടത്തിയില്ലെങ്കിൽ നെല്ല് പതിരായി മാറി കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കും. ടി.പി.എസ്-5 നെല്ലിനമാണ് കതിർ വന്നു തുടങ്ങിയിട്ടുള്ളത്. ടി.പി.എസ് - 5 വെള്ള നെല്ലിനമാണ്. തമിഴ്‌നാട് വിത്തായ ഇവ പാലക്കാടിന്റെ മണ്ണിന് യോജിച്ച വിത്താണ്. അധികവള പ്രയോഗം ആവശ്യമില്ല. രോഗബാധയും കുറവാണ്. എന്നാൽ ആദ്യം കതിരു വരുന്ന കർഷർക്ക് മരുന്ന് തളിക്കാനും മറ്റും വലിയ ചിലവാണ്. സ്വന്തമായി സ്പ്രെയർ ഇല്ലാത്ത പാടശേഖരത്തിലെ കർഷകർക്ക് വാടക ഇനത്തിലും കൂലിയിനത്തിലും വലിയ തുക ചിലവാകും. ഇന്നത്തെ സാഹചര്യത്തിൽ മരുന്ന് തളി പ്രയാസമുള്ള കാര്യമാണെന്ന് കർഷകർ പറഞ്ഞു.