road
ഓടംതോട് പടങ്ങിട്ടതോട് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിടൽ നടത്തുന്നു.

വടക്കഞ്ചേരി: സമീപ കാലത്ത് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയ റോഡ് വെട്ടിപ്പൊളിച്ചു പൈപ്പിടൽ തകൃതി. അടുത്ത കാലത്തൊന്നും നടപ്പിലാകാത്ത കുടിവെള്ള പദ്ധതിക്കായാണ് റോഡ് തകർത്ത് പൈപ്പിട്ട് യാത്ര മുടക്കുന്നതായാണ് നാട്ടുകാരുടെ പരാതി.

മലയോര മേഖലയായ ഓടംതോട് പടങ്ങിട്ടതോട് ഭാഗത്താണ് റോഡിന്റെ വശം കിടങ്ങുപോലെ താഴ്ത്തി ജനങ്ങളുടെ യാത്ര ബുദ്ധിമുട്ടിലാക്കിയിട്ടുള്ളത്. നന്നേ വീതി കുറഞ്ഞ റോഡിന്റെ ഒരുവശം ജെ.സി.ബി ഉപയോഗിച്ച് താഴ്ത്തി. പിന്നീട് ചാലിൽ പൈപ്പിട്ടെങ്കിലും വേണ്ടവിധം മണ്ണിട്ടുമൂടി ഉറപ്പിക്കാത്തതിനാൽ മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ മൂടിയ മണ്ണെല്ലാം ഒലിച്ചുപോയി. ഇപ്പോൾ റോഡിലൂടെ വാഹനം ഓടിക്കാനാകാത്ത സ്ഥിതിയാണെന്നു പ്രദേശവാസികൾ പറയുന്നു. താഴെ വാഹനം നിറുത്തി വീടുകളിലേക്ക് ഏറെദൂരം നടന്നു പോകേണ്ട ഗതികേടിലാണ് താമസക്കാർ. ഉരുൾപൊട്ടി ഒഴുകിയ നിലയിലാണ് പൈപ്പിടാൻ കുഴിച്ച ചാലുകളെല്ലാം. റോഡിന്റെ ചാലുകൾ ശരിയാംവണ്ണം മൂടി ബലപ്പെടുത്തി വാഹനങ്ങൾ ഓടിച്ചു പോകാൻ സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മംഗലംഡാം റിസർവോയർ ഉറവിടമാക്കിയുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പിടലാണ് നാട്ടിലാകെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയിലേക്ക് മാറിയിട്ടുള്ളത്. ഡാമിലെ മണ്ണ് നീക്കംചെയ്ത് ജലസംഭരണം കൂട്ടിവേണം കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ. എന്നാൽ മൂന്നുവർഷമായി മണ്ണുനീക്കൽ മുടങ്ങിക്കിടക്കുകയാണ്. ഇനി ഏതുകാലത്ത് പുനഃരാരംഭിക്കും എന്ന് ബന്ധപ്പെട്ടവർക്കുപോലും അറിയുന്നില്ല. അത്തരം പദ്ധതിക്കാണ് ധൃതിപിടിച്ച് റോഡുകൾ നശിപ്പിച്ച് പൈപ്പിടൽ നടത്തുന്നത്.