എലപ്പുള്ളി: കാട്ടുപന്നി ശല്ല്യത്തിന്റെ പേരിൽ എലപ്പുള്ളിയിൽ രാഷ്ട്രീയപ്പോര് മുറുകുന്നു. കാട്ടുപന്നി ശല്യം തടയാൻ പഞ്ചായത്ത് ഭരണ സമിതി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവുമായി സി.പി.എമ്മും വനം വകുപ്പും സംസ്ഥാന സർക്കാരുമാണ് വിഷയം കൈകാര്യം ചെയ്യേണ്ടതെന്ന നിലപാടുമായി കോൺഗ്രസും രംഗത്തെത്തി. കാട്ടുപന്നി അക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളി യുവതിക്ക് പരിക്കേറ്റതോടെയാണ് പഞ്ചായത്തിനെതിരെ പ്രത്യക്ഷ സമരവുമായി സി.പി.എം രംഗത്തെത്തിയത്. പഞ്ചായത്തിലുടനീളം കാട്ടുപന്നികൾ വിഹരിക്കുമ്പോൾ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പഞ്ചായത്ത് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച സി.പി.എം പരിക്ക് പറ്റിയ യുവതിക്ക് നൂറ് തൊഴിൽ ദിനത്തിന്റെ വേതനം പഞ്ചായത്ത് നൽകണമെന്ന ആവശ്യവും മുന്നോട്ട് വച്ചു. കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതും വാഹന യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നതും പതിവായ സാഹചര്യത്തിൽ സ്ഥിരം ഷൂട്ടറെ നിയമിച്ച് പന്നികളെ വെടിവെച്ച് കൊല്ലാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർത്തുന്നു. കാട്ടുപന്നി വിഷയത്തിലെ പഞ്ചായത്ത് നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്.

അതേസമയം പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സി.പി.എം കാട്ടുപന്നി വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്ന പ്രത്യാരോപണം കോൺഗ്രസ് ഉയർത്തുന്നു. കാട്ടുപന്നികളെ നിയന്ത്രിക്കാൻ വനം വകുപ്പിന്റെ ഇടപെടലാണ് വേണ്ടതെന്ന് പഞ്ചായത്ത് ഭരണ സമിതി ചൂണ്ടിക്കാണിക്കുന്നു. സ്ഥലം എം എൽ.എയും സർക്കാരും ഈ വിഷയത്തിൽ ഒരിടപെടലും നടത്തുന്നില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. പഞ്ചായത്ത് സ്ഥിരം ഷൂട്ടറെ നിയമിക്കുകയെന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് ഭരണ സമിതിക്ക്. ഇതിനിടയിൽ സി.പി.എം ജനങ്ങൾക്കിടയിൽ പിരിവ് നടത്തി പരിക്കേറ്റ യുവതിക്ക് സാമ്പത്തി സഹായം നൽകുകയും ചെയ്തു.
ആശുപത്രി ബിൽ കിട്ടിയാലുടൻ പരിക്കേറ്റ യുവതിക്ക് ചികിത്സാ ചെലവ് നൽകാമെന്ന് പഞ്ചായത്ത് ഉറപ്പ് നൽകിയിരിക്കെ പണപ്പിരിവിന് ഇറങ്ങിയ സി.പി.എം നടപടി രാഷ്ട്രീയ നാടകമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു ആരോപിച്ചു. ഇതിന് മുമ്പ് ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.അന്നൊക്കെ ഒന്നും ചെ ചെയ്യാതിരുന്ന സി.പി.എം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന പണപ്പിരിവ് നാടകത്തിന്റെ പൊള്ളത്തരം ജനം തിരിച്ചറിയുമെന്നും പ്രസിഡന്റ് പറഞ്ഞു. കാട്ടുപന്നി ശല്യം കൊണ്ട് ജനങ്ങൾ വലയുമ്പോൾ സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞ് മാറുന്ന പഞ്ചായത്ത് നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ അംഗം രാജകുമാരി കുറ്റപ്പെടുത്തി. പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് വാടക പോലും മുഴുവൻ നൽകാതിരുന്ന പഞ്ചായത്ത് നടപടി പ്രതിഷേധാർഹമാണെന്നും രാജകുമാരി പറഞ്ഞു.