സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം സംഘാടക സമിതി രൂപീകരിച്ചു
പാലക്കാട്: സ്‌കൂൾ ശാസ്‌ത്രോത്സവങ്ങളെ ശാസ്ത്ര പ്രചാരണത്തിന്റെയും ബോധവത്കരണത്തിന്റെയും ഉപാധിയാക്കാൻ ശ്രമിക്കണമെന്ന് മന്ത്രി എം.ബി.രാജേഷ്. നവംബർ ഏഴു മുതൽ 10 വരെ പാലക്കാട് നടക്കുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂൾ കലാമേള, കായിക മേളകളോടൊപ്പം തുല്യ പ്രാധാന്യം ശാസ്ത്രമേളകൾ വഹിക്കുന്നുണ്ടെന്നും, കുട്ടികൾക്കും മുതിർന്നവർക്കും ശാസ്ത്രത്തിന്റെ സന്ദേശം എത്തിക്കുവാനുള്ള അവസരമാക്കി ശാസ്ത്രമേളയെ മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശസ്വയംഭരണ വകുപ്പ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ശുചിത്വ സ്‌കോളർഷിപ്പ് നടപ്പിലാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾ വിലയിരുത്തി 50000 കുട്ടികൾക്ക് ഇത് വിതരണം ചെയ്യും. വരുന്ന ശാസ്ത്രമേളയിൽ ശുചിത്വം സംബന്ധിച്ചുള്ള മികച്ച പ്രൊജക്ടുകൾക്ക് പ്രത്യേകമായ അവാർഡ് ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണ് സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരികൾ.
വിദ്യാർത്ഥികൾക്ക് ദേശീയ അന്തർദേശീയ തലങ്ങളിൽ തിളങ്ങുന്നതിനുള്ള ഊർജ്ജം നൽകുന്നത് ശാസ്ത്രമേളകൾ പോലുള്ളവയാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഓരോ വർഷവും പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് അവരുടെ കഴിവ് പ്രദർശിപ്പിക്കാൻ സാഹചര്യം ഒരുക്കുന്ന മേള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശാസ്ത്രമേളകളിൽ ഒന്നാണ്. മേള വീക്ഷിക്കുന്നതിനായി പല കമ്പനികളും താല്പര്യമറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട മുഴുവൻ കമ്പനികളെയും മേളയിലേക്ക് ക്ഷണിക്കുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
അന്വേഷണ കൗതുകം വളർത്തിയെടുക്കണം: മന്ത്രി കെ.കൃഷ്ണൻകുട്ടി
പാലക്കാട്: വിദ്യാർത്ഥികളിൽ അന്വേഷണ കൗതുകം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗത്തിൽ മുഖ്യാതിഥിയായ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ രീതിയും സമ്പ്രദായവും മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വിദ്യാർത്ഥികളുടെ ചരിത്രം ഓർമിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ എം.എൽ.എമാരായ പി.പി.സുമോദ്, മുഹമ്മദ് മുഹ്സിൻ, കെ.ബാബു, കെ.ശാന്തകുമാരി, കെ.മമ്മിക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ഷാബിറ, ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി, പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി എസ്.ചിത്ര, ഡയറക്ടർ എൻ.എസ്.കെ.ഉമേഷ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.എം.സലീനബീവി എന്നിവർ സംസാരിച്ചു.