award
കേരളത്തിലെ മികച്ച കലാലയ മാഗസിനുകൾക്കുള്ള കേരള മീഡിയ അക്കാഡമി പുരസ്‌കാര സമർപ്പണം നിർവഹിച്ച് മന്ത്രി എം.ബി.രാജേഷ് സംസാരിക്കുന്നു.

പാലക്കാട്: മായം കലരാത്ത, പൊള്ളുന്ന വാക്കുകളിലൂടെ കലാലയങ്ങൾ കാലത്തോടുയർത്തുന്ന ചോദ്യങ്ങളാണ് ഓരോ കോളേജ് മാഗസിനുകളുമെന്ന് മന്ത്രി എം.ബി.രാജേഷ്. കേരളത്തിലെ മികച്ച കലാലയ മാഗസിനുകൾക്കുള്ള കേരള മീഡിയ അക്കാഡമി പുരസ്‌കാര സമർപ്പണം പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ലോകത്തിന്റെ ചരിത്രത്തിലേക്കും കലയിലേക്കും നയിച്ചത് ക്യാമ്പസ് മാഗസിനുകളാണ്. ഓരോ കാലഘട്ടത്തെയും അടയാളപ്പെടുത്തുന്ന വിലപ്പെട്ട രേഖകളാണ് കലാലയ മാഗസിനുകളെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2023-24 വർഷത്തിലെ മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും അടങ്ങുന്ന ഒന്നാംസമ്മാനത്തിന് അർഹമായത് പാലക്കാട് ഗവ.വിക്ടോറിയ കോളേജ് പ്രസിദ്ധീകരിച്ച 'തുരുത്ത്'' എന്ന മാസികയാണ്. എറണാകുളം ഗവ ലോ കോളേജിന്റെ മാഗസിൻ 'പറ്റലർ', മലപ്പുറം കോട്ടയ്ക്കൽ വി.പി.എസ്.വി അയുർവേദ കോളേജിന്റെ മാഗസിൻ ' ചെലപ്പധികാരം എന്നിവയ്ക്കാണ് രണ്ടാം സമ്മാനം. കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ മാഗസിൻ 'ഫുർഖത്', തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്റെ മാഗസിൻ 'ഇന്ത്യ ദാറ്റ് ഈസ് ഭാരത്' എന്നീ മാസികകൾക്കാണ് മൂന്നാം സമ്മാനം.
കേരള മീഡിയ അക്കാഡമി വൈസ് ചെയർമാൻ ഇ.എസ്.സുഭാഷ് അദ്ധ്യക്ഷനായി. എഴുത്തുകാരനും കേരള സാഹിത്യ അക്കാഡമി മുൻ പ്രസിഡന്റുമായ വൈശാഖൻ മുഖ്യാതിഥിയായി. മീഡിയ ക്ലബ്ബ് കോഡിനേറ്റർ സ്‌നെമ്യ മാഹിൻ ജൂറി റിപ്പോർട്ട് അവതരിപ്പിച്ചു. ഗവ.വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.എൽ.സിന്ധു, വൈസ് പ്രിൻസിപ്പൽ ഡോ.സോജൻ ജോസ്, സ്റ്റാഫ് എഡിറ്റർ ഡോ.കെ.പി.രവിചന്ദ്രൻ, പി.അഗ്നി ആഷിക്ക്, റോഷിൻ ജോർജ്ജ്, ഡോ.വന്ദന ചന്ദ്രൻ, റിഫ റിയാസ് സി.ആർ.എസ്സ്.ഋഷിദാസ് തുടങ്ങിയവർ പങ്കെടുത്തു.