ചിറ്റൂർ: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ചിറ്റൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറായ കൊല്ലങ്കോട് സ്വദേശി സന്തോഷ് ബാബുവിന്റെ ലൈസൻസാണ് പാലക്കാട് ആർ.ടി.ഒ സി.യു.മുജീബ് സസ്‌പെൻഡ് ചെയ്തത്. സന്തോഷ് ബാബുവിനെ ഒരാഴ്ചത്തേക്ക് എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ചിലേക്ക് പരിശീലനത്തിനയക്കും. ഒരാഴ്ച മുമ്പ് കൊല്ലങ്കോട്ടുനിന്ന് കോയമ്പത്തൂരിലേക്കുള്ള ചിറ്റൂർ ഡിപ്പോയുടെ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈലിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ യാത്രക്കാർ സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. തുടർന്ന്, ഏഴു ദിവസത്തിനകം ഡ്രൈവർ സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ച് ചിറ്റൂർ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനു ജോർജ് കെ.എസ്.ആർ.ടി.സി ചിറ്റൂർ ഡിപ്പോയിലേക്ക് കത്ത് അയച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സന്തോഷ് ബാബു ചിറ്റൂർ ആർ.ടി.ഒ ഓഫീസിൽ ഹാജരായത്. പ്രതിപക്ഷാനുകൂല സംഘടനയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗമാണ് സന്തോഷ് ബാബു.