ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ കയറ്റി പോകുന്ന ബാറ്ററി കാർപ്ലാറ്റ് ഫോമിൽ നിന്ന് ട്രാക്കിലേക്ക് വീണു. കാറിൽ യാത്രക്കാരില്ലാത്തതിനാൽ അപകടം ഒഴിവായി. ഇന്നലെ രാവിലെ പത്ത് മണിയോടെ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് കാർ ട്രാക്കിലേക്ക് വീണത്. ഉടനെ തന്നെ യാത്രക്കാരും റെയിൽവെ ജീവനക്കാരും ചേർന്ന് പൊക്കി പ്ലാറ്റ്‌ഫോമിലേക്ക് വച്ചു. യാത്രക്കാരെയും അവരുടെ ലഗ്ഗേജുകളും പ്രവേശനകവാടം മുതൽ വിവിധ പ്ലാറ്റ്‌ഫോമുകളിലെത്തിക്കുന്നതിനാണ് ബാറ്ററി കാറുകൾ പ്രവർത്തിക്കുന്നത്. രണ്ട് മാസമായി കാറുകൾ സുരക്ഷാ കാരണങ്ങളാൽ നിറുത്തിവെച്ചിരിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും പ്രവർത്തനം തുടങ്ങിയതായിരുന്നു. പ്ലാറ്റ്‌ഫോമിൽ കൂടി 5 കി.മി. സ്പീഡിൽ മാത്രമാണ് ഇവ ഓടിക്കാൻ പാടുകയുള്ളൂ. സ്ത്രീ യാത്രക്കാരെ കയറ്റുന്നതിനിടെയാണ് കാർ പെട്ടന്ന് നിയന്ത്രണം വിട്ട് മുന്നോട്ട് പോയത്. ആരും കയറിയിരുന്നില്ല. മാത്രമല്ല ട്രാക്കിൽ ട്രെയിൻ വരുന്ന സമയമായിരുന്നാൽ വലിയ അപകടം ഉണ്ടാകുമായിരുന്നു. നൂറ് കണക്കിന് യാത്രക്കാർ ട്രെയിൻ വരുന്ന സമയത്ത് പ്ലാറ്റ്‌ഫോമിൽ ഉണ്ടാവും. അതിനാൽ വളരെ ശ്രദ്ധയോടെ ഇത്തരം കാറുകൾ ഉപയോഗിച്ചില്ലെങ്കിൽ അപകട സാധ്യതയുണ്ടെന്ന് യാത്രക്കാർ പറയുന്നു.