കുത്തനൂർ: കുത്തനൂർ പഞ്ചായത്തിന്റെയും കുടുംബശ്രീ കെട്ടിടത്തിന്റെയും പൂർത്തീകരണ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. ടേക്ക് എ ബ്രേക്ക് പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളം നാലായിരത്തോളം പൊതുശൗചാലയങ്ങൾ നിർമ്മിക്കാൻ സാധിച്ചു. എല്ലാ പഞ്ചായത്തുകളിലും ശൗചാലയ സൗകര്യം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ കെസ്മാർട്ട് ആപ്ലിക്കേഷൻ വഴി ലോകത്തെവിടെ നിന്നും ലഭ്യമാകും. നേരിട്ട് ഓഫീസുകളിൽ പോകാതെ വീഡിയോ കോൾ വഴി വിവാഹ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ചെയ്യാൻ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. കെസ്മാർട്ട് രാജ്യത്തുടനീളം നടപ്പാക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ഇൻഫർമേഷൻ കേരള മിഷനെ സമീപിച്ചിട്ടുണ്ട്. ഈ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി ഡിജിറ്റൽ സാക്ഷരതാ പദ്ധതിയും സർക്കാർ നടപ്പാക്കി. എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കാനുള്ള പരിശീലനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുത്തനൂർ ശ്രീ ചിത്തിര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.പി.സുമോദ് എം.എൽ.എ അദ്ധ്യക്ഷനായി. മുൻ മന്ത്രി എ.കെ.ബാലൻ വിശിഷ്ടാതിഥിയായി. എക്സിക്യൂട്ടീവ് എൻജിനീയർ അഭിലാഷ് കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വദാസ്, ബ്ലോക്ക് അംഗങ്ങളായ രാജേഷ് കുമാർ, സെമീന നൈനാൻ, കുത്തനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. സഹദേവൻ, വൈസ് പ്രസിഡന്റ് ഫരീദ ഫിറോസ്, വാർഡ് അംഗങ്ങളായ ലതാ വിജയകുമാർ, ലതിക സുനിൽ, സത്യഭാമ കുട്ടൻ, സുർജിത്ത്, ശശികല പ്രകാശൻ, ഗിരിജ ശിവദാസൻ, അംബുജം ചന്ദ്രൻ, പ്രസാദ് കുമാർ, കുടുംബശ്രീ ചെയർപേഴ്സൺ ദിവ്യ സ്വാമിനാഥൻ, സെക്രട്ടറി എം.സുനിൽ കുമാർ എന്നിവരും പങ്കെടുത്തു.