എലപ്പുള്ളി: എലപ്പുള്ളി പഞ്ചായത്തിൽ തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിൽ വൻ അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. പഞ്ചായത്തിന് 116191 രൂപ നഷ്ടമുണ്ടാക്കിയെന്നും ഈ തുക പ്രൊക്യൂർമെന്റ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തിരിച്ചടക്കണമെന്നും കാണിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സർക്കുലർ പുറപ്പെട്ടുവിച്ചു. യോഗത്തിൽ പങ്കെടുത്ത 20 മെമ്പർമാർ 15 ദിവസത്തിനകം തുക അടക്കണമെന്ന് കാണിച്ചാണ് കത്ത് നൽകിയിരിക്കുന്നത്. ഓരോ അംഗവും 10542 രൂപ വീതം അടക്കണമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസിഡന്റായ റൂറൽ കോപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു തെരുവ് വിളക്ക് അറ്റകുറ്റപ്പണികളുടെ നിർവ്വഹണ ചുമതല നൽകിയത്. സൊെസൈറ്റി നടത്തിയ പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട്.
എന്നാൽ ഓഡിറ്റ് റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്നും തെരുവ് വിളക്ക് അറ്റകുറ്റപ്പണകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തതിന്റെ പേരിൽ റൂറൽ ക്രെഡിറ്റ് സൊസൈറ്റിയെ സി.പി.എം രാഷ്ട്രീയ പ്രേരിതമായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽകുമാർ ആരോപിച്ചു. സ്വകാര്യ ഏജൻസികൾ ഗുണമേന്മയില്ലാത്ത സാധനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ് സൊസൈറ്റി ഉത്തരവാദിത്വം ഏറ്റെടുത്തത്. ബ്രാൻഡഡ് സാധനങ്ങളാണ് സൊസൈറ്റി ഉപയോഗിച്ചത്. സി.പി.എം നേതാവായ മുൻ എം.എൽ.എയുടെ മകൻ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഓഡിറ്റ് ടീമിലുണ്ടായിരുന്നു. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം മെമ്പർമാർ പണം . തിരിച്ചടക്കണമെന്ന് കാണിച്ചുള്ള നോട്ടീസിൽ സൊസൈറ്റിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും സുനിൽകുമാർ വ്യക്തമാക്കി.
അതേസമയം റൂറൽ ക്രെഡിറ്റ് സൊസൈറ്റി തെരുവ് വിളക്ക് അറ്റകുറ്റപ്പണിയിൽ ഗുരുതര വീഴ്ച്ച വരുത്തിയെന്ന് പാഡി കോ ചെയർമാൻ കെ.ആർ.സുരേഷ് കുമാർ ആരോപിച്ചു. ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് മെമ്പർമാരോട് അടയ്ക്കാൻ ആവശ്യപ്പെട്ട തുക സൊസൈറ്റിയിൽ നിന്ന് ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഭരണസമിതിയും റൂറൽ ക്രെഡിറ്റ് സൊസൈറ്റിയും കൈകോർത്ത് തെരുവ് വിളക്ക് അറ്റകുറ്റപ്പണിയിൽ വൻ അഴിമതി നടത്തിയെന്ന് സി.പി.എം ജില്ലാ കമ്മറ്റിയംഗം എസ്.സുഭാഷ് ചന്ദ്രബോസ് ആരോപിച്ചു. ഓഡിറ്റ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തുടർ അന്വേഷണം വേണം. വൈസ് പ്രസിഡന്റ് തന്നെ പ്രസിഡന്റ് ആയ സൊസൈറ്റി ചെയ്ത തെറ്റിന് പ്രതിപക്ഷ മെമ്പർമാർ ഉൾപ്പെടെയുള്ളവർ പണം തിരിച്ചടക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.