പാലക്കാട്: മരുതറോഡ് എസ്.എസ്.കെ നഗറിൽ ഉണ്ടായിരുന്ന നീർച്ചാൽ രണ്ടുവർഷം മുമ്പ് ചിലർ നികത്തിയതു കാരണം വീട്ടിൽ മഴവെള്ളവും മലിനജലവും ഒഴുകിയെത്തുകയാണെന്ന പരാതി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. അസി. എക്സിക്യൂട്ടീവ് എൻജിനീയറെ നിയോഗിച്ച് സ്ഥലപരിശോധന നടത്തി നീർച്ചാൽ നികത്തിയിട്ടുണ്ടോയെന്നും തടസം മാറിയാൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയുമോ എന്നും പരിശോധിക്കണം. അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി പരിഹരിക്കുന്നതിനുള്ള നിർദ്ദേശം മരുതറോഡ് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകണമെന്നും കമ്മീഷൻ ജോയിന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. ആറാഴ്ചക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. മരുതറോഡ് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരനായ മരുതറോഡ് എസ്.എസ്.കെ നഗർ സ്വദേശി എ.സയ്യിദ് മുഹമ്മദിന്റെ വീട് ഏറ്റവും താഴത്തെ ഭാഗത്തായതു കൊണ്ടാണ് വെള്ളം കെട്ടി നിൽക്കാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കോളനിയോട് ചേർന്നുള്ള മരുതറോഡ് സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ മതിൽ കെട്ടിയടച്ചതു കാരണം ഒഴുക്ക് തടസപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മഴവെള്ളം സ്‌കൂളിന്റെ പിന്നിലുള്ള പറമ്പിൽ ഒഴുക്കുന്നതിനുള്ള അനുമതിക്കായി കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് പരാതി നൽകാൻ കമ്മീഷൻ പരാതിക്കാരന് നിർദ്ദേശം നൽകി.