വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ദേശീയാതയിൽ പന്നിയങ്കരയിലെ ടോൾ പിരിവ് താൽക്കാലികമായി നിറുത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ അഡ്വ. ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ ഇടക്കാല ഹർജി ഫയലാക്കി. ദേശീയപാതയുടെ പണി മുഴുവൻ പൂർത്തിയാക്കും മുമ്പ് ടോൾ പിരിവിന് അനുമതി കൊടുത്ത താൽക്കാലിക കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി കൂടിയായ അഡ്വ. ഷാജി 2022 ൽ ഹർജി നൽകിയിരുന്നു. കല്ലിടുക്ക്, മുടിക്കോട്, വാണിയംമ്പാറ എന്നീ സ്ഥലങ്ങളിൽ അടിപ്പാതകളുടെ പണി ആരംഭിക്കുകയും ഇതുമൂലം സർവ്വീസ് റോഡുകൾ തകർന്ന് ഗതാഗത യോഗ്യമല്ലാതാവുകയും ചെയ്തു. ഇവിടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതുവരെ പന്നിയങ്കര ടോൾ പിരിവ് താൽക്കാലികമായി നിറുത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഷാജി കോടങ്കണ്ടത്ത് ഈ മാസം 25ന് ഹൈക്കോടതിയിൽ
ഇടക്കാല ഹർജി സമർപ്പിച്ചത്. ഹർജിയിൽ പാലിയേക്കര ടോൾ പ്ലാസ താൽക്കാലികമായി അടപ്പിച്ച ഹൈക്കോടതിയുടെ ഉത്തരവും സുപ്രീം കോടതിയുടെ അപ്പീലിൽ ഉണ്ടായ ഉത്തരവും പ്രതിപാദിച്ചിട്ടുണ്ട്. മാത്രമല്ല സർവ്വീസ് റോഡിൽ നടത്തുന്ന ടാറിംഗ് താൽക്കാലികമായി മാത്രമാണ് ചെയ്തിട്ടുള്ളത്. അതു പോലും വളരെ മോശമായ രീതിയിലാണ് ചെയ്തിട്ടുള്ളതെന്നും സർവ്വീസ് റോഡുകൾ വീതി കൂട്ടിയിട്ടു പോലുമില്ലെന്നും ഹർജിയിൽ പ്രതിപാദിച്ചിട്ടുണ്ടെന്ന് ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.