onam
ഓണം ലക്ഷ്യമിട്ടിറക്കിയ തൃത്താലയിലെ പച്ചക്കറി തോട്ടങ്ങളിലൊന്ന്.

പാലക്കാട്: ഇത്തവണ കേരളക്കരയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കാൻ ആവശ്യമായ പച്ചക്കറികളുമായി പാലക്കാട്ടെ ഗ്രാമങ്ങൾ തയ്യാറെടുക്കുകയാണ്. ഓണക്കാലം ലക്ഷ്യമിട്ട് പാലക്കാട് ജില്ലയിൽ ഇത്തവണ 1761.30 ഹെക്ടർ സ്ഥലത്താണ് പച്ചക്കറിക്കൃഷി ഇറക്കിയത്. ഇതിൽ നിന്ന് 32,052 മെട്രിക് ടൺ വിളവാണ് കൃഷിവകുപ്പ് പ്രതീക്ഷിക്കുന്നത്. 201 മെട്രിക് ടൺ പച്ചക്കറിയെങ്കിലും അധിക ഉത്പാദനം പ്രതീക്ഷിക്കുന്നു. നാളെ മുതൽ പച്ചക്കറികൾ വിപണിയിലേക്ക് എത്തിക്കാനാണ് ശ്രമം. ഈ ഓണക്കാലത്ത് മികച്ച വില ലഭിക്കുമെന്നാണ് കർഷകരുടെ പ്രത്യാശ. നല്ല നാടൻ പച്ചക്കറികൾ ലഭിക്കുന്ന ഒട്ടേറെ ഗ്രാമങ്ങൾ പാലക്കാട് ജില്ലയിലുണ്ട്. കർഷകർ ഒരുക്കിയ പച്ചക്കറി ജില്ലയിലെ ഉപയോഗം കഴിഞ്ഞ് അയൽ ജില്ലകളിലേക്കും നൽകാനുണ്ടാകും.

 ചേന മുതൽ ചെറിയുള്ളി വരെ

മഴനിഴൽ പ്രദേശമായ വടകരപ്പതിയിൽ 20 സംഘങ്ങളിലായി 400 കുടുംബങ്ങളാണ് 400 ഏക്കറിലധികം വരുന്ന സ്ഥലത്ത് പച്ചക്കറിയിൽ സജീവമായിട്ടുള്ളത്.തക്കാളി, വെണ്ട,വഴുതന, മുളക്, പയർ, മത്തൻ, കുമ്പളങ്ങ, പാവൽ, പടവലം, പീച്ചിങ്ങ എന്നിവയാണ് പ്രധാന കൃഷി.

അട്ടപ്പാടിയിൽ ഇത്തവണ തക്കാളി, കുമ്പളം, മത്തൻ,ഇഞ്ചി എന്നിവയ്ക്കു പുറമേ ബീറ്റ്‌റൂട്ടും ചെറിയുള്ളിയും കൃഷി ചെയ്യുന്നുണ്ട്. 400 മെട്രിക് ടൺ ചെറിയുള്ളിയും 30 മെട്രിക് ടൺ ബീറ്റ്‌റൂട്ടുമാണ് പ്രതീക്ഷിക്കുന്നത്. ചെർപ്പുളശ്ശേരി മേഖലയിൽ ചേനയാണു മുഖ്യം.

കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, എലവഞ്ചേരി, അയിലൂർ, കോട്ടായി മേഖലകളിലും ഇത്തവണ നല്ലവിളവെടുപ്പുണ്ടാകും. ജില്ലയിൽ 226 ഹെക്ടറിൽ ചേനക്കൃഷിയുണ്ട്. ഇവിടെ നിന്ന് 4612 മെട്രിക് ടൺ വിളവുണ്ടാകുമെന്നാണ് പ്രതീക്ഷ. 4210 മെട്രിക് ടൺ കുമ്പളവും 4115 മെട്രിക് ടൺ പടവലവും പ്രതീക്ഷിക്കുന്നു. പ്രതിസന്ധികൾക്കിടയിലും ഇത്തവണ 400 ഹെക്ടറിൽ നേന്ത്രവാഴക്കൃഷിയുമുണ്ട്.

7184 മെട്രിക് ടൺ വിളവ് പ്രതീക്ഷിക്കുന്നു. എലവഞ്ചേരി പോലെയുള്ള മേഖലയിൽ നിന്നുൾപ്പെടെ 1583 മെട്രിക് ടൺ പയറും 3043 മെട്രിക് ടൺ പാവയ്ക്കയും പ്രതീക്ഷിക്കുന്നു.

മറ്റു പച്ചക്കറികളുടെ പ്രതീക്ഷിക്കുന്ന വിളവ് (മെട്രിക് ടണ്ണിൽ): വെണ്ട -728, തക്കാളി- 630, ചുരയ്ക്ക-320, വഴുതന- 531, പച്ചമുളക്-591, കോവൽ- 82, ചേമ്പ്- 129, നാരങ്ങ-64, മുരിങ്ങക്കായ-3.31, ഇഞ്ചി-317, പീച്ചിങ്ങ-128.