kattana
മുതലമട ചപ്പക്കാട് കുഞ്ചുവേലൻ കാട്ടിൽ കാട്ടാനകൾ നശിപ്പിച്ച പൂർണ്ണവളർച്ചയെത്തിയ കായ്ഫലമുള്ള തെങ്ങുകൾ.

മുതലമട: ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലും ജനവാസ മേഖലയിലും കാട്ടാന ശല്യം അതിരൂക്ഷം. അതിർത്തി പ്രദേശമായ ചെമ്മണാമ്പതി, മൂച്ചംകുണ്ട്, ചപ്പക്കാട്, മൊണ്ടിപതി, വെള്ളരാംകടവ്,കുണ്ടലകുളമ്പ്, ശുക്രിയാൽ തുടങ്ങിയിടങ്ങളിലാണ് കാട്ടാനശല്യം കൂടുതൽ. കഴിഞ്ഞ ദിവസം ചപ്പക്കാട് കുഞ്ചുവേലൻകാട്ടിൽ 10ഏക്കറിൽ പൂർണവളർച്ചയെത്തിയ 55 തെങ്ങ്, 39 മാവ്, 37 കവുങ്ങ് തുടങ്ങി മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന കാർഷിക വിളകൾ കാട്ടാനകൂട്ടം നശിപ്പിച്ചതായി കർഷകർ പറഞ്ഞു. ചപ്പക്കാട് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ അടുക്കളയുടെ ഗ്രിൽ വെൽഡിംഗ് ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളികൾ കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പകൽ കാട്ടാനകൾ വനത്തിനുള്ളിൽ പതുങ്ങിയിരിക്കുകയും സന്ധ്യയാവുന്നതോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതും ആണ് പതിവ്.
ചെമ്മണാമ്പതി മുതൽ വെള്ളാരംകടവ് വരെ ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി നിർമ്മിക്കുന്ന സോളാർ സെൻസിംഗിന്റെ നിർമ്മാണവും പാതിവഴിയിൽ ആയതാണ് കാട്ടാനശല്യം അതിരൂക്ഷമാകാൻ കാരണം. ഒരു കോടി രൂപ ചെലവിൽ 13 കിലോമീറ്റർ ആണ് സോളാർ ഫെൻസിംഗ് ചെയ്യുന്നത്. ഇതിന്റെ നിർമ്മാണ ഉദ്ഘാടനം 2024 സെപ്റ്റംബറിൽ കഴിഞ്ഞതാണ്. നിലവിൽ സോളാർ തൂക്കു വേലി നിർമ്മാണം ചെമ്മണാംപതി മുതൽ അരസ്മരത്ത്കാട് വരെ 4 കിലോമീറ്റർ മാത്രമാണ് നടത്തിയിട്ടുള്ളത്.
രാത്രികാലങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകളുടെ അഭാവവും കാട്ടാനകളുടെ സ്വതന്ത്ര സഞ്ചാരത്തിന് സൗകര്യമാകുന്നു. കാട്ടാന ആക്രമണം ഉണ്ടാക്കുന്ന ജനവാസ മേഖലകളിൽ മുഴുവൻ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൂടാതെ വനംവകുപ്പിന്റെ ആർ.ആർ.ടി സംഘവും കാട്ടാന ആക്രമണം നടത്തുന്ന മേഖലയിൽ സജീവമാണെങ്കിലും ഇടവിട്ടുള്ള അപ്രതീക്ഷിത കാട്ടാന ആക്രമണം പൊതുജനങ്ങളിൽ ഭീതിയുണർത്തുന്നു. വരും ദിവസങ്ങളിൽ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങാൻ ഇറങ്ങുകയാണ് കർഷകരും പൊതുജനങ്ങളും.


പ്രതിദിനം കാട്ടാന ആക്രമണം വർദ്ധിച്ചുവരികയാണ്. വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം ഉൾപ്പെടെ വനമേഖലയിൽ സജീവമാണെങ്കിലും സോളാർ ഫെൻസിംഗിന്റെ നിർമ്മാണം പൂർത്തിയായാൽ മാത്രമേ കാട്ടാന ശല്യത്തിൽ നിന്ന് മുക്തി നേടാൻ ആവുകയുള്ളു.
എൽ.മണികണ്ഠദാസ്, മലയോര

കർഷകൻ, ചപ്പക്കാട്, മുതലമട.