കുന്നിടിച്ച് മണ്ണ് കടത്തൽ
പട്ടാമ്പി: വർഷങ്ങളായി കുന്നിടിച്ച് മണ്ണെടുപ്പ് നടത്തുന്നത് മൂലം കപ്പൂർ പടാട്ട് കുന്ന് അപ്രത്യക്ഷമാവുന്നു. പടിഞ്ഞാറങ്ങാടി-ചാലിശ്ശേരി റോഡിൽ കൂനംമൂച്ചിക്കും മുക്കൂട്ടക്കും ഇടയിലുള്ള ഉൾ പ്രദേശങ്ങളിലാണ് അനധികൃതമായി രാപകൽ ഭേദമില്ലാതെ മണ്ണെടുപ്പ് നടക്കുന്നത്. ഉൾപ്രദേശമായതിനാൽ അധികം ജനശ്രദ്ധ ആകർഷിക്കില്ലെന്നത് മണ്ണ് കടത്ത് സംഘങ്ങൾക്ക് സൗകര്യമാണ്. ദിവസേന ലോഡ് കണക്കിന് മണ്ണാണ് ഇവിടെ നിന്ന് വലിയ കണ്ടെയ്നർ ലോറിയിയിടക്കം മലപ്പുറം, തൃശൂർ ജില്ലകളിലേക്ക് കടത്തിക്കൊണ്ട് പോകുന്നത്.
റോഡിന്റെ കിഴക്ക് ഭാഗത്താണ് മണ്ണെടുപ്പ് നടക്കുന്നത് എന്നതിനാൽ ഒറ്റനോട്ടത്തിൽ കണ്ടാൽ ആദ്യം തോന്നുക സ്ഥലം ചാലിശ്ശേരി പഞ്ചായത്ത് പരിധിയിലാണെന്നാണ്. സൂക്ഷ്മമായി പരിശോധിച്ചാൽ മാത്രമേ ഇതു കപ്പൂർ പഞ്ചായത്ത് പരിധിയിലാണെന്ന് മനസിലാകു. പ്രദേശവാസികൾ ചോദിച്ചാൽ ദേശീയപാത വീതി കൂട്ടാൻ വേണ്ടിയാണ് മണ്ണ് കൊണ്ട് പോകുന്നതെന്ന സ്ഥിരം മറുപടിയാണ് മണ്ണ് കടത്തുകാർ പറയുന്നത്. ഏതാനും മാസങ്ങൾക്കു മുമ്പ് മണ്ണെടുപ്പ് സംഘങ്ങളിലെ വിവിധ ഗ്രൂപ്പുകൾ തമ്മിൽ വാക്കു തർക്കവും അടിപിടിയും കത്തിക്കുത്ത് വരെയും നടന്നിരുന്നു. മാത്രമല്ല, ഈ റൂട്ടിലൂടെ അമിത ഭാരം കയറ്റിയ ടോറസ്, കണ്ടെയ്നർ ലോറികളുടെ മരണപ്പാച്ചിൽ കാരണം കാൽനട യാത്രക്കാർക്ക് പോലും ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയില്ല. സാധാരണക്കാരൻ ഒരു വീട് വെക്കാൻ ഒന്നോ രണ്ടോ ലോഡ് മണ്ണടുത്താൽ അരഡസനിലധികം കേസെടുക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഒരു ഭൂപ്രദേശം തന്നെ ഒന്നായി നശിപ്പിക്കാൻ കൂട്ട് നിൽക്കുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. ദേശീയപാതയ്ക്ക് മണ്ണെടുത്താൽ പരിസ്ഥിതി ആവാസ വ്യവസ്ഥകൾക്ക് യാതൊരു കോട്ടവും തട്ടാതെ ഇരിക്കുമോ എന്നാണ് അവർ ചോദിക്കുന്നത്. അനധികൃതമായി മണ്ണെടുക്കുന്ന മാഫിയക്കെതിരെ ജനപക്ഷത്ത് നിന്ന് പ്രവർത്തിച്ചതിന്റെ പേരിൽ രണ്ട് കേസുകൾ നേരിടേണ്ടി വന്നതായി കപ്പൂർ ഗ്രാമ പഞ്ചായത്ത് അംഗവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.വി.രവീന്ദ്രൻ പറഞ്ഞു. അത് കൊണ്ട് തന്നെ ഇനിയും മണ്ണ് മാഫിയക്കെതിരെ പ്രതിഷേധിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.