വാളയാർ: വാളയാർ ഡാമിലേക്കുള്ള റോഡ് മലീമസമായി. പരിസരത്തുള്ള കന്നുകാലി തൊഴുത്തിലെ മാലിന്യങ്ങൾ റോഡിലേക്ക് ആണ് ഒഴുക്കുന്നത്. ചാണകവും മൂത്രവും റോഡിന്റെ ഇരു വശങ്ങളിലേക്കും ഒഴുകിയെത്തുകയാണ്. റോഡിലെ കുഴികളിലും മലിനജലം കെട്ടിക്കിടക്കുന്നുണ്ട്. ദുർഗന്ധം വമിക്കുന്നത് മൂലം യാത്രക്കാർ മൂക്ക് പൊത്തിയാണ് യാത്ര ചെയ്യുന്നത്. റോഡരികിലെ ഡ്രെയിനേജ് മണ്ണ് മൂടി നികന്നു പോയതാണ് മലിനജലം റോഡിലേക്ക് ഒഴുകാൻ കാരണമായത്. വാളയാർ ഡാമും പരിസര പ്രദേശങ്ങളും സന്ദർശിക്കാൻ നിത്യേന നിരവധി വാഹനങ്ങൾ പോകുന്ന റോഡാണിത്. പുതുശ്ശേരി പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലായി കിടക്കുന്ന റോഡ് നന്നാക്കണം എന്ന ആവശ്യമുയർന്നിട്ട് കാലങ്ങളേറെയായി. പക്ഷെ ഒരു നടപടിയും ഉണ്ടായിട്ടില്ല. റോഡ് അറ്റകുറ്റപ്പണി നടത്താതിരുന്നതിനാൽ ഡ്രെയിനേജും അതേപടി കിടന്നു. മഴക്കാലം തുടങ്ങിയത് മുതൽ ജനങ്ങൾ ദുരിതം സഹിക്കുകയാണ്. സഞ്ചാരികളുടെ വാഹനങ്ങൾ കടന്ന് പോകുമ്പോൾ കാൽ നടയാത്രക്കാരുടെ മേൽ അഴുക്ക് വെള്ളം തെറിക്കുന്നത് പതിവാണ്. പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമോ എന്ന ഭീതിയിലാണ് പരിസര വാസികൾ. വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്ത ഈ റോഡിന്റെ രണ്ട് വശങ്ങളും ദീർഘദൂരം തകർന്ന് കിടക്കുകയാണ്. അതിനാൽ ഇരുവശങ്ങളിൽ നിന്നു വാഹനങ്ങൾ വരുമ്പോൾ കടന്ന് പോകാൻ വലിയ ബുദ്ധിമുട്ടാണ്. സഞ്ചാരികളുടെ വാഹനങ്ങൾക്ക് പുറമെ മണൽ
ലോറികളും വരുന്നത് മൂലം ഗതാഗത തടസം പതിവാണ്. രണ്ട് വാഹനങ്ങൾ വരുന്ന സമയത്ത് കാൽനടയാത്രക്കാർക്ക് റോഡരികിലുള്ള മാലിന്യത്തിന് മുകളിൽ നിൽക്കേണ്ടി വരുന്നു. മണൽ ലോറികളുടെ ചീറിപ്പായൽ മൂലം റോഡിൽ ചെറുതും വലുതുമായ നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റോഡ് അറ്റകുറ്റപ്പണി നടത്തുകയും ഡ്രെയിനേജ് നന്നാക്കുകയും ചെയ്താൽ മാത്രമെ പ്രശ്നനത്തിന് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളു. നിലവിലെ സാഹചര്യം പരിഗണിച്ച് റോഡിലേക്ക് കന്നുകാലി തൊഴുത്തുകളിലെ മാലിന്യം ഒഴുക്കുന്നത് തടയാൻ ആരോഗ്യ വകുപ്പ് ഇടപെടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.