railway
റെയിൽ വെയിലെ അനധികൃത കച്ചവടത്തിനെതിരെ റെയിൽവെ സംരക്ഷണസേന ഷൊർണൂരിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ നിന്ന്.

ഷൊർണ്ണൂർ: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലുമുള്ള അനധികൃത കച്ചവടത്തിനെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പാലക്കാട് ആർ.പി.എഫ് സ്‌പെഷ്യൽ ഇന്റലിജൻസ് ബ്രാഞ്ച്, ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ആർ.പി.എഫ് ഷൊർണൂർ യൂണിറ്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തൃശ്ശൂർ ഷൊർണ്ണൂർ, പാലക്കാട് ഷൊർണൂർ, ഷൊർണൂർ നിലമ്പൂർ, ഷൊർണൂർ കാലിക്കറ്റ് റൂട്ടിൽ ഓടുന്ന ട്രെയിനുകളിലും സ്റ്റേഷനുകളിലും അനധികൃതമായി പ്രവേശിച്ച് കച്ചവടം നടത്തുന്ന വ്യാപാരികളെ ഉൾപ്പെടുത്തിയാണ് ബോധവത്കരണ പരിപാടി നടത്തിയത്. ഇത്തരം അനധികൃത കച്ചവടത്തിന്റെ ഫലമായി യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും സുരക്ഷാ ഭീഷണിയും അനധികൃത കച്ചവടത്തിനെതിരെ റെയിൽവേ നിയമം പ്രകാരമുള്ള നിയമ നടപടികളെ കുറിച്ചും വിശദീകരിച്ചു. അനധികൃത കച്ചവടം അവസാനിപ്പിക്കുവാനും മറ്റ് തൊഴിൽ മേഖലകൾ കണ്ടെത്തി ഉപജീവനമാർഗ്ഗം തേടാനും നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. ആർ.പി.എഫ് പാലക്കാട് സ്‌പെഷ്യൽ ഇന്റലിജൻസ് വിഭാഗം ഇൻസ്‌പെക്ടർ പി.വിജയകുമാർ, ക്രൈം ഇന്റലിജൻസ് വിഭാഗം സബ് ഇൻസ്‌പെക്ടർ എ.പി.ദീപക്, ആർ.പി.എഫ് ഷൊർണൂർ അസിസ്റ്റൻസ് സബ് ഇൻസ്‌പെക്ടർ എം.പി.അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.