പാലക്കാട്: സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി.ടി.പി.സി.) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ നാലിന് തുടക്കമാവും. പാലക്കാട് രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയം, വെള്ളിയാങ്കല്ല് പൈതൃക പാർക്ക്, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, പോത്തുണ്ടി ഉദ്യാനം എന്നിവിടങ്ങളിലായാണ് പരിപാടികൾ അരങ്ങേറുന്നത്. സെപ്തംബർ ഏഴു വരെ പരിപാടികൾ നീണ്ടു നിൽക്കും.
സെപ്തംബർ നാലിന് വൈകീട്ട് 5.30ന് രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കലാമണ്ഡലം വിവേകും സംഘവും അവതരിപ്പിക്കുന്ന മിഴാവ് മേളത്തോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ഉദ്ഘാടന സമ്മേളനം. നൃത്തപരിപാടികൾ. രാത്രി എട്ടിന് സ്വരലയ പാലക്കാടിന്റെ ഉത്രാടരാവ്. സെപ്തംബർ അഞ്ചിന് വൈകീട്ട് അഞ്ചിന് പൊറാട്ടുകളി. 5.30ന് തോൽപ്പാവക്കൂത്ത്. തുടർന്ന് 'ആഫ്റ്റർ 6 മ്യൂസിക് ബാൻഡും' മെഗാ ഷോയും ഉണ്ടാകും. സെപ്തംബർ ആറിന് വൈകീട്ട് അഞ്ചിന് കണ്യാർകളി, 5.30ന് പൊറാട്ടു നാടകം, 6ന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന രാഗ്വർഷ് ദി റിഥം ഓഫ് ആർട്ട്സ്, 7ന് കരോക്കെ ഗാനമേള, 7.30ന് മെഗാഷോ. സെപ്തംബർ ഏഴിന് വൈകീട്ട് 5ന് കണ്യാർകളി, 5.30ന് കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ ഓട്ടൻതുള്ളൽ, 6ന് നാട്ടുകൂട്ടം കുമ്മാട്ടി, രാത്രി എട്ടിന് മാങ്കോസ്റ്റീൻ ക്ലബ്ബ് ലൈവ്.
വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ സെപ്തംബർ ആറിന് വൈകീട്ട് ആറു മണിക്ക് കൊച്ചിൻ കൈരളി കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേളയും സെപ്തംബർ ഏഴിന് സരിത റഹ്മാൻ നയിക്കുന്ന ഗാനസന്ധ്യയും നൃത്തസന്ധ്യയും അരങ്ങേറും.
ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്കിൽ സെപ്തംബർആറിന് വൈകീട്ട് 5.30ന് ചാക്യാർകൂത്ത്, 6.30ന് സാരംഗ ഓർക്കസ്ട്രയുടെ ഗാനമേള. സെപ്തംബർ ഏഴിന് വൈകീട്ട് 5.30ന് തോൽപ്പാവക്കൂത്ത്, വൈകീട്ട് 6.30ന് മെഗാ ഇവന്റ്.
പോത്തുണ്ടി ഉദ്യാനത്തിൽ സെപ്തംബർ ആറിന് വൈകീട്ട് നാലിന് കൈതോല നാടൻ പാട്ടുകൂട്ടത്തിന്റെ അല്ലിപ്പൂങ്കാവ്, വൈകീട്ട് ആറിന് സപ്തസ്വരം ഓർക്കസ്ട്രയുടെ മെലോഡീയസ് ഹിറ്റ്സ് പരിപാടികളും സെപ്തംബർ ഏഴിന് വൈകീട്ട് 4.30ന് ആവണിപ്പാട്ടുകൾ, വൈകീട്ട് ആറിന് പാട്ടൊരുമ പാലക്കാട് അവതരിപ്പിക്കുന്ന പാട്ടുത്സവം.